വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു  സൗദി അറേബ്യ; ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ആലോചന

0

ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു  സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു.  നിലവില്‍ ടൂറിസ്റ്റ് വിസ അനുവദിക്കാത്ത ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. വളരെ യാഥാസ്ഥിതിക രാജ്യമായ സൗദി  അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.

എണ്ണയുടെ വില തകർച്ച നീണ്ടു നില്‍ക്കുന്നതിനാല്‍ രാജ്യത്ത് പല പുതിയ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുമെന്ന് കഴിഞ്ഞ ദിവസം സൗദി രാജകുമാരന്‍ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് പറഞ്ഞിരുന്നു. സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന പ്രേരകമായി ടൂറിസത്തെ കാണാനാണ് സൌദിയുടെ തീരുമാനം.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസത്തിലൂടെ കോടികള്‍ കൊയ്യുന്നത് കണ്ടാണ് സൗദിയും നിബന്ധനകളില്‍ അയവു വരുത്താന്‍ പോകുന്നത്. ഇനി മുതല്‍ രാജ്യത്ത് ടൂറിസ്റ്റ് വിസ അനുവദിക്കാനാണ് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ രാജ്യത്തെത്തിക്കാനാണ് സൗദി തയ്യാറെടുക്കുന്നത്.

ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിലൂടെ മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും സ്ഥിതിചെയ്യുന്ന രാജ്യമായ സൗദി സന്ദർശിക്കാൻ ഈ അവസരം ഉപയോഗിച്ച് ഒട്ടനവധി അന്താരാഷ്ട്ര ടൂറിസ്റ്റുകൾ വരുമെന്നാണ് സൗദിയുടെ കണക്കുക്കൂട്ടല്‍. മക്കയും മദീനയും മാത്രമല്ല, ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥലങ്ങളും സൗദിയിലുണ്ട്. ഈ പ്രദേശങ്ങളെല്ലാം ടൂറിസത്തിനു കൂടി പ്രയോജനപ്പെടുത്താനും സൗദി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന സൗദി അറേബ്യ ചെങ്കടലിലെ അന്‍പതോളം ദ്വീപുകളെ ഉള്‍ക്കൊള്ളിച്ചുള്ള ടൂറിസം പദ്ധതി യുവരാജാവായ മുഹമ്മദ് ബിൻ സൽമാൻ ആഗസ്റ്റ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ഒരു വൻ ടൂറിസം പദ്ധതി പ്രകാരം 50 ദ്വീപുകളെയും, ചെങ്കടലിലെ ചില പ്രത്യേക സ്ഥലശൃംഖല കളെയും, ലക്ഷ്വറി റിസോർട്ടുകളായി മാറ്റുന്നതായിരുന്നു. വന്‍കിട ടൂറിസം പദ്ധതികളിലൂടെ രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കാനാകുമെന്നും സൗദി കണക്കു കൂട്ടുന്നുണ്ട്.

പൂർണ്ണ രാജവാഴ്ചയും , ലോകത്തെ ഏറ്റവും യാഥാസ്ഥിതികമായ രാജ്യങ്ങളിലൊന്നും ആയ സൗദിയിൽ , മദ്യവും സിനിമാശാലകളും തിയേറ്ററുകളും ഇപ്പോഴും നിരോധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ അധികാരികൾ , ചില മിതമായ പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ചു . അടുത്ത ജൂൺ മുതൽ സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാനുള്ള അനുമതി നല്‍കിയത്  ഇതിലൊരു നടപടിയായിരുന്നു.