സൗദിയിൽ 26 ബാങ്കിംഗ് സേവനങ്ങൾക്കും വാറ്റ് വരുന്നു; ബാങ്കിംഗ് മേഖലയെ കേന്ദ്രീകരിച്ചു സൗദിയുടെ പുതിയ നീക്കം

0

ബാങ്കിംഗ് മേഖലയെ കേന്ദ്രീകരിച്ചു സൌദിയുടെ പുതിയ നീക്കം. സൗദിയിലെ ബാങ്കുകൾ നൽകുന്ന 26 സേവനങ്ങൾക്ക് 2018 ജനുവരി ഒന്നു മുതൽ ഉപയോക്താക്കൾ അഞ്ചു ശതമാനം മൂല്യവർധിത നികുതി നൽകേണ്ടിവരും.

ഗൾഫ് രാജ്യങ്ങളിലെ എ.ടി.എമ്മുകൾ വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് 3.15 റിയാലും ഗൾഫ് രാജ്യങ്ങളിലെ എ.ടി.എമ്മുകൾ വഴി ക്രെഡിറ്റ് കാർഡ് ബാലൻസ് ചെക്ക് ചെയ്യുന്നതിന് 3.67 റിയാലും ഓൺലൈൻ സരീഅ് (എക്‌സ്പ്രസ്) സംവിധാനം വഴി സൗദിക്കകത്ത് പണമയക്കുന്നതിന് 5.25 റിയാലും അതേ ദിവസം തന്നെ പണം ക്രെഡിറ്റ് ചെയ്യുന്ന നിലക്ക് എക്‌സ്പ്രസ് സംവിധാനം വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതിന് 7.35 റിയാലും ജനുവരി ഒന്നു മുതൽ വാറ്റ് ഉൾപ്പെടെ നൽകേണ്ടിവരും.

25 ചെക്ക് ലീഫുകൾ അടങ്ങിയ എക്‌സ്ട്രാ ചെക്ക് ബുക്ക് ഇഷ്യു ചെയ്യൽ, ഡി.ഡി ഇഷ്യു ചെയ്യൽ, ഡി.ഡി റദ്ദാക്കൽ, ഒരു വർഷത്തിനിടെ മാറിയ ചെക്കിന്റെ കോപ്പി, ഗൾഫ് രാജ്യങ്ങളിലെ എ.ടി.എമ്മുകൾ വഴി പണം പിൻവലിക്കൽ, ഓൺലൈൻ വഴിയുള്ള പെർമനന്റ് പെയ്‌മെന്റ് ഓർഡർ എന്നീ സേവനങ്ങൾക്ക് ജനുവരി ഒന്നു മുതൽ വാറ്റ് ഉൾപ്പെടെ പത്തര റിയാലാകും ഫീസ്. ബാങ്ക് ശാഖകളെ നേരിട്ട് സമീപിച്ചുള്ള പെർമനന്റ് പെയ്‌മെന്റ് ഓർഡർ, ബാങ്ക് ശാഖകളെ സമീപിച്ചുള്ള സരീഅ് മണി ട്രാൻസ്ഫർ, വിദേശത്തേക്കുള്ള ഓൺലൈൻ റെമിറ്റൻസിൽ ഭേദഗതികൾ വരുത്തൽ, റദ്ദാക്കൽ, വിദേശ കറൻസിയിൽ ഡി.ഡി ഇഷ്യു ചെയ്യൽ എന്നീ സേവനങ്ങൾക്ക് 15.75 റിയാലും ഒരു വർഷത്തിലധികം മുമ്പ് മാറിയ ചെക്കിന്റെ കോപ്പിക്ക് 21 റിയാലും ഫീസ് നൽകേണ്ടിവരും.

ഒരു വർഷത്തിൽ കുറഞ്ഞ കാലത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ബാങ്ക് ശാഖകളെ സമീപിച്ച് വിദേശത്തേക്കുള്ള റെമിറ്റൻസിൽ ഭേദഗതി വരുത്തൽ, റദ്ദാക്കൽ, ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് എക്‌സ്പ്രസ് സേവനം വഴി അതേ ദിവസം ക്രെഡിറ്റ് ചെയ്യുന്നതിന് പണം ട്രാൻസ്ഫർ ചെയ്യൽ എന്നീ സേവനങ്ങൾക്ക് 26.25 റിയാലാണ് പുതിയ ഫീസ്. ബാങ്ക് ശാഖകളെ നേരിട്ട് സമീപിച്ച് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ കാലത്ത് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടൽ, എക്‌സ്ട്രാ എ.ടി.എം കാർഡ്, നഷ്ടപ്പെട്ട എ.ടി.എം കാർഡിനു പകരം ബദൽ കാർഡ്, മൂന്നു വട്ടം തുടർച്ചയായി പിൻ നമ്പർ തെറ്റായി നൽകിയതിനാൽ ബ്ലോക്ക് ചെയ്യപ്പെടുകയോ പിൻവലിക്കപ്പെടുകയോ ചെയ്യുന്ന എ.ടി.എം കാർഡിനു പകരം ബദൽ കാർഡ് ഇഷ്യു ചെയ്യൽ പോലുള്ള സേവനങ്ങൾക്ക് ജനുവരി ഒന്നു മുതൽ 31.5 റിയാലാകും ഫീസ്.

അഞ്ചു വർഷത്തിൽ കൂടുതൽ കാലത്തെ സ്റ്റേറ്റ്‌മെന്റ് ബാങ്ക് ശാഖകളിൽ നിന്ന് ആവശ്യപ്പെടൽ, വിദേശത്തേക്കുള്ള ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്യൽ, ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് തെറ്റായ വിയോജിപ്പ് പ്രകടിപ്പിക്കൽ എന്നിവക്ക് 52.5 റിയാലാകും പുതിയ ഫീസ്.

ബാങ്ക് ശാഖകളെ നേരിട്ട് സമീപിച്ച് വിദേശങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യൽ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5,000 റിയാൽ വരെ പണം പിൻവലിക്കൽ എന്നീ സേവനങ്ങൾക്ക് 78.75 റിയാലാണ് ജനുവരി ഒന്നു മുതൽ നൽകേണ്ടിവരിക. കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി നിയമം അനുസരിച്ച് വിവിധ ബാങ്കിംഗ് സേവനങ്ങൾക്ക് ബാങ്കുകൾക്ക് ഈടാക്കാവുന്ന കൂടിയ നിരക്കുകളാണിവ. നിരക്കുകളിൽ കുറവുകൾ വരുത്തുന്നതിന് ബാങ്കുകൾക്ക് അനുമതിയുണ്ട്. സേവനനിരക്കായി എത്ര തുകയാണോ ബാങ്കുകൾ ഈടാക്കുന്നത് എങ്കിൽ അതിനൊപ്പം അഞ്ചു ശതമാനം വാറ്റ് കൂടി ജനുവരി ഒന്നു മുതൽ ഈടാക്കേണ്ടിവരും.

സാമ നിർദേശം അനുസരിച്ച് പതിനാലു സേവനങ്ങളാണ് ബാങ്കുകൾ ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്. പ്രതിമാസ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തപാലിലോ ഇ-മെയിലിലോ അയക്കൽ, എ.ടി.എം വഴിയുള്ള മിനി സ്റ്റേറ്റ്‌മെന്റ്, ബാങ്കുകളിൽ നിന്ന് വൗച്ചർ ഉപയോഗിച്ചുള്ള പണം പിൻവലിക്കൽ, ഓരോ അക്കൗണ്ടിനും ടെല്ലർ കാർഡ് ഇഷ്യു ചെയ്യൽ, എ.ടി.എം വഴി പണം പിൻവലിക്കൽ, നിക്ഷേപിക്കൽ, പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളിൽ ‘മദ’ കാർഡ് ഉപയോഗിക്കൽ, എ.ടി.എം കാർഡ് പുതുക്കൽ, എ.ടി.എമ്മുകൾ പിൻവലിക്കുന്ന കാർഡുകൾ തിരികെ നൽകൽ, സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകളും ബില്ലുകളും അടക്കൽ, സദാദ് അക്കൗണ്ട്, ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റൽ, ഗൾഫ് രാജ്യങ്ങളിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ഉപയോഗിക്കൽ, പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഉപയോക്താവിനെ അറിയൽ, പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി പർച്ചേയ്‌സ് ചെയ്യുമ്പോൾ പണം നേടൽ, 25 ലീഫുകൾ അടങ്ങിയ ചെക്ക് ബുക്ക് ആദ്യമായി ഇഷ്യു ചെയ്യൽ എന്നീ സേവനങ്ങൾക്ക് ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കില്ല.