അടിയന്തര പാസ്​പോർട്ട് സേവനങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയിൽ മെയ്​ അഞ്ച്​ മുതൽ

0

റിയാദ്: അത്യാവശ്യമായി പാസ്‌പോര്‍ട്ട് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ മെയ് അഞ്ചിന് പുനരാരംഭിക്കുന്നു. സൗദി അറേബ്യയില്‍ കര്‍ഫ്യൂ ഭാഗികമായി നീക്കിയെങ്കിലും എംബസിയുടെ പുറം കരാര്‍ ഏജന്‍സിയായ വിഎഫ്എസ് ഗ്ലോബലിന്റെ രാജ്യത്തെ വിവിധ പട്ടണങ്ങളിലും റിയാദിലുമുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ അപ്ലിക്കേഷന്‍ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് വേണ്ടി എംബസിയുടെ റിയാദിലെ ആസ്ഥാനത്ത് സൗകര്യമൊരുക്കുന്നത്. അടിയന്തരമായി പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ക്ക് എംബസിയില്‍ നേരിട്ടെത്തിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നല്‍കാനെത്തുന്നവരുടെ ആള്‍ക്കൂട്ടം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ സമൂഹ അകല പാലനം ഉള്‍പ്പെടെ ആവശ്യമായ എല്ലാ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കണം. കര്‍ശന നിബന്ധനകളാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്.

  1. പാസ്​പോർട്ട്​ പുതുക്കാനോ പുതിയത്​ എടുക്കാനോ ബന്ധപ്പെട്ട മറ്റ്​ സേവനങ്ങൾക്കോ അപേക്ഷ സമർപ്പിക്കാൻ എത്തുന്നതിന്​ മുമ്പ്​ മുൻകൂറ്​ അനുമതി തേടിയിരിക്കണം.
  2. 920006139 എന്ന എംബസി കാൾ സെൻറർ നമ്പറിൽ ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട്​ നാലിനും ഇടയിൽ വിളിച്ചാണ്​​ അപ്പോയിൻറ്​മെൻറ്​ നേടേണ്ടത്​. അല്ലെങ്കിൽ [email protected] എന്ന ഇമെയിലിൽ കത്തയക്കണം. കാൾ സെൻറർ മെയ്​ നാല്​ മുതൽ പ്രവർത്തനം ആരംഭിക്കും.
  3. മുൻകൂർ അനുമതി വാങ്ങിയെത്തുന്ന അപേക്ഷകനെയല്ലാതെ മറ്റാരെയും എംബസിയിൽ പ്രവേശിപ്പിക്കില്ല. അപ്പോയിൻറ്​മെൻറ്​ കിട്ടിയ തീയതിയിലും സമയത്തും തന്നെ എംബസിയിലെത്തണം. പാസ്​പോർട്ട്​ അപേക്ഷകൾ നൽ​കാനുള്ള സമയം ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10നും ഉച്ചക്ക്​ ശേഷം രണ്ടിനും​ ഇടയിലാണ്​.
  4. ​അപേക്ഷകൻ മാസ്​ക്​ ധരിച്ചിരിക്കണം.
  5. ഇതിനകം കാലാവധി കഴിഞ്ഞതും ജൂൺ 30ന്​ മുമ്പ്​ കാലാവധി കഴിയുന്നതുമായ പാസ്​പോർട്ടുകളുടെ ഉടമകൾക്കാണ്​​ മുൻഗണന.
  6. ഇതിൽ പെടാത്ത അത്യാവശ്യക്കാരുണ്ടെങ്കിൽ അവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അടിയന്തരമായ ആവശ്യം എന്താണെന്ന്​ വിശദീകരിച്ച്​, അത്​ തെളിയിക്കുന്ന രേഖകൾ സഹിതം കത്തയക്കണം. അടിയന്തര സാഹചര്യം എന്താണെന്ന്​ പരിശോധിച്ച്​ പരിഹാര നടപടിയുണ്ടാവും.