പുതിയ നിയമം നടപ്പാകുന്നു: മൂന്ന് മേഖലകളില്‍ കൂടി സ്വദേശിവത്കരണം

1

റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നിന്ന് വിദേശികള്‍ പുറത്താകും വിധം പുതിയ നിയമം നടപ്പാകുന്നു. മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്കരിക്കുന്ന നടപടി വ്യാഴാഴ്ച മുതല്‍ നടപ്പാകും. കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിങ് സ്‌കൂള്‍, എന്‍ജിനീയറിങ്-ടെക്‌നിക്കല്‍ എന്നീ മേഖലകളിലെ ജോലികള്‍ ഏറെക്കുറെ പൂര്‍ണമായും സൗദികള്‍ക്കായി നിശ്ചയിച്ച നിയമമാണ് നടപ്പാകുന്നത്.

കസ്റ്റംസ് ക്ലിയറന്‍സ് മേഖലയിലെ ജനറല്‍ മാനേജര്‍, സര്‍ക്കാര്‍ റിലേഷന്‍സ് ഉദ്യോഗസ്ഥന്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കര്‍, ട്രാന്‍സിലേറ്റര്‍ എന്നീ തസ്തികകളാണ് നൂറ് ശതമാനം സ്വദേശിവത്കരിക്കുന്നത്.

ഡ്രൈവിങ് സ്‌കൂളിലെ ഡ്രൈവിങ് പരിശീലകന്‍, സൂപ്പര്‍വൈസര്‍ എന്നീ ജോലികളിലാണ് സമ്പൂര്‍ണ സ്വദേശിവത്കരണം. എന്‍ജിനീയറിങ്, മറ്റ് ടെക്‌നിക്കല്‍ ജോലികളില്‍ സ്വദേശിവത്കരണ നിബന്ധന നിര്‍ബന്ധമാകുന്നത് അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുള്ള രാജ്യത്തെ മുഴുവന്‍ സ്വകാര്യ കമ്പനികള്‍ക്കുമാണ്.