ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ 22 മത്സരാർത്ഥികൾക്കും 20 ലക്ഷത്തിന്റെ സ്‌കോളർഷിപ്പ്; തത്സമയ സംപ്രേഷണം ഞായറാഴ്ച രാവിലെ 9 മുതൽ

0

ഫ്‌ളവേഴ്‌സ് ടിവി എല്ലാ ദിവസവും രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടി ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗർ’ ലെ 22 മത്സരാർത്ഥികൾക്കും പഠന ചിലവുകൾക്കായി 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ഏർപ്പെടുത്തുന്നു. ബിരുദാനന്തര ബിരുദം വരെയാണ് സ്‌കോളർഷിപ്പ് കാലാവധി. 

ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രൻ, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കൻ, ഫ്‌ളവേഴ്‌സ് ടിവി ചെയർമാൻ ഗോകുലം ഗോപാലൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ട്വന്റിഫോർ വാർത്താ ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയർമാൻ ഡോ വിദ്യ വിനോദ് , ഫ്‌ളവേഴ്‌സ് ടിവി ഡയറക്ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിസ് എടക്കുളത്തുർ എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എഡ്യുക്കേഷൻ. 

സാമ്പത്തിക ക്ലേശംമൂലം പാതിവഴിയിൽ പ്രതിഭകൾ ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കുകയാണ് നന്മ നിറഞ്ഞ ഈ നീക്കത്തിന് പിന്നിലെന്ന് ഫ്‌ളവേഴ്‌സ് ടിവി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു. 

സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്ന ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ പതിമൂന്നര മണിക്കൂർ ദൈർഘ്യത്തിൽ ടോപ് സിംഗേഴ്‌സ് വിവിധ കലാപരിപാടികൾ തത്സമയം അവതരിപ്പിക്കും. പ്രേക്ഷക ഹൃദയം കവർന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 250 എപ്പിസോഡുകൾ പിന്നിടുന്ന വേളയിലാണ് ലോക ടെലിവിഷൻ ചാനലുകൾക്ക് മാതൃകയാകുന്ന ഈ സ്‌കോളർഷിപ്പുമായി ഫ്‌ളവേഴ്‌സ് ടിവി രംഗത്ത് വന്നത്.