സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം; രണ്ടാംക്ലാസ് വരെ ഹോംവര്‍ക്ക് പാടില്ല: പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍

0

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ ബാഗുകള്‍ക്കായി ‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’ നയം പ്രഖ്യാപിച്ചു. ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി. രണ്ടാം ക്ളാസ് വരെയുള്ള വിദ്യാത്ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആയിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്‌കൂള്‍ ബാഗ് നയം ശുപാര്‍ശ ചെയ്യുന്നു. രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2.2 കിലോ ആയിരിക്കണം. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ബാഗിന്റെ പരമാവധി ഭാരമായി നിശ്ചയിച്ചത് 2.5 കിലോയാണ്. ആറ്- ഏഴ് ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം 4 കിലോ ആക്കിയിട്ടുണ്ട്. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്‌കൂള്‍ ബാഗിന് 4.5 കിലോ വരെ ഭാരം ആകാവൂ. 10 മുതല്‍ 12 വരെ ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം അഞ്ച് കിലോ ആക്കിയിട്ടുണ്ട്.

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള ചില നിര്‍ദേശങ്ങളും നയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പുസ്തകം നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി അധ്യാപകര്‍ കണക്കിലെടുക്കണം. എല്ലാ പുസ്തകങ്ങളിലും പ്രസാധകര്‍ ഭാരം രേഖപ്പെടുത്തണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഗുണനിലവാരം ഉള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്‌കൂളുകളില്‍ തന്നെ ഉറപ്പാക്കണം. നിയമം പാലിക്കാനുള്ള ബാധ്യത സ്‌കൂള്‍ അധികൃതര്‍ക്കാണ്.

10-12 ക്ലാസുകാര്‍ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ ചെയ്യാവുന്ന ഹോം വര്‍ക്കേ നല്‍കാവൂ. 3-6 ക്ലാസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ഹോം വര്‍ക്കേ നല്‍കാവൂ. 6-8 വരെയുള്ള ക്ലാസുകളില്‍ ദിവസേന ഒരു മണിക്കൂര്‍ വീതമുള്ള ഹോം വര്‍ക്കും. കൂടാതെ സ്കൂളുകളില്‍ ലോക്കര്‍ സ്ഥാപിക്കാനും ഡിജിറ്റല്‍ ഭാരമളക്കല്‍ ഉപകരണം സ്ഥാപിക്കാനും നയത്തില്‍ ഉദ്ദേശിക്കുന്നു. കൂടാതെ ട്രോളി ബാഗ് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.