കുട്ടികള്‍ തെരുവിലിറങ്ങുമ്പോള്‍

1

വലിയ സന്തോഷം തോന്നുന്നു. രണ്ട് കാര്യങ്ങൾ .

ഒന്ന് , സ്വീഡനിൽ കഴിഞ്ഞ ആഗസ്റ് മുതൽ എല്ലാ വെള്ളിയാഴചയും സ്കൂളിൽ പോകാതെ പാർലമെന്റിനു മുമ്പിൽ ക്ളൈമറ്റ് ജസ്റ്റീസെന്ന മുദ്രാവാക്യവുമായി കുത്തിയിരിപ്പുനടത്തുന്ന പതിനഞ്ചു വയസ്സുള്ള ഗ്രീറ്റ തുംബർഗ് എന്ന പെൺകുട്ടിയെ സമാധാനത്തിനുള്ള നോബൽസമ്മാനത്തിനു നോമിനേറ്റ് ചെയ്തിരിക്കുന്നു .

രണ്ട് , വളരെ വ്യത്യസ്തമായ ഒരു പണിമുടക്ക് നടക്കാൻ പോവുകയാണ് നാളെ ( മാർച്ച് 15 ) ആഗോളതലത്തിൽ. പണിമുടക്കുന്നത് തൊഴിൽ സംഘടനകളോ രാഷ്ട്രീയപാർട്ടികളോ ഒന്നുമല്. സ്കൂൾ കുട്ടികളാണ്. നൂറിലേറെ രാജ്യങ്ങളിൽ പലയിടങ്ങളിലായി ജീവിക്കുന്ന കുട്ടികൾ. അവർ നാളെ പഠിപ്പുമുടക്കി സമരം ചെയ്യും . ആയിരത്തിയഞ്ഞൂറിലേറെ നഗരങ്ങളിൽ കുട്ടികൾ സ്കൂൾ ബഹിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്.

വളരെ ഗുരുതരമായ പ്രശ്നമാണ് അവർ ഉയർത്തുന്നത്. അതിവേഗം ഇല്ലാതാവുന്ന അവരുടെ ഭാവി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കാരണം അപകടത്തിലായിക്കഴിഞ്ഞ സ്വന്തം ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ അവതരിപ്പിക്കാനും സർക്കാരുകളെയും രാഷ്ട്രീയപാർട്ടികളെയും മാധ്യമങ്ങളെയും കർമ്മോന്മുഖരാക്കാനുമാണ് കുട്ടികൾ തെരുവിലിറങ്ങുന്നത്. വലിയ പ്രതീക്ഷ നൽകുന്ന കാര്യം.

ഗ്രീറ്റയാണ് പണിമുടക്കിനു തുടക്കം കുറിച്ചത് . “Why should I be studying for a future that soon will be no more,” എന്നാണ് ഗ്രീറ്റയുടെ ചോദ്യം.  കുട്ടികളെ സ്നേഹിക്കുന്നു എന്നാണ് എല്ലാവരും എപ്പോഴും പറയുന്നത് . പക്ഷേ, ഞങ്ങളുടെ ഭാവി അപകടത്തിലായിട്ടും ആരും അടിയന്തിരമായി ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല. 
തെരുവിലിറങ്ങുകയല്ലാതെ കുട്ടികൾക്കുമുമ്പിൽ വേറെ വഴിയൊന്നുമില്ല,” എന്ന ഉറച്ച നിലപാടിലാണ് ഗ്രീറ്റ.

വാഗ്ദാനങ്ങളല്ല , ആക്ഷനാണ് വേണ്ടത് എന്ന കുട്ടിയുടെ നിലപാടിന്റെ ചുവടുപിടിച്ച് പലരാജ്യങ്ങളിലും ആയിരക്കണക്കിന് കുട്ടികൾ വെള്ളിയാഴ്ച്ചകളിൽ പഠനം മുടക്കാൻ തുടങ്ങിയതോടെ അവരുടെ സമരം Fridays for Future എന്ന പേരിൽ വലിയൊരു മൂവ്മെന്റായി. പിന്നീട് അത് യൂത്ത് സ്ട്രൈക്ക് ഫോർ ക്ലൈമറ്റ് ആയി വളർന്നു.  സ്വീഡനിൽ ഞങ്ങൾ കുറച്ചുകുട്ടികൾ പഠിപ്പുമുടക്കിയത് ആഗോളമാധ്യമങ്ങൾ തലക്കെട്ടാക്കി. അങ്ങനെയാണെങ്കിൽ നമ്മൾ എല്ലാവരും ഒന്നിച്ചിറങ്ങിയാൽ എന്തൊക്കെ ചെയ്യാൻ കഴിയും,” എന്ന ഗ്രീറ്റയുടെ ആഹ്വാനമാണ് ലോകത്തെമ്പാടുമുള്ള കുട്ടികളെ പ്രചോദിപ്പിച്ചത്..

കേൾക്കേണ്ടതു തന്നെയാണ് ഗ്രീറ്റയുടെ പ്രസംഗങ്ങൾ. തീപ്പൊരി പാറുന്ന പ്രസംഗങ്ങളേയല്ല. മറിച്ച് , വളരെ ശാന്തവും സൗമ്യവുമായവ. എന്നാൽ,, കൃത്യമായ അറിവുകളുടെയും വിവരങ്ങളുടെയും പിൻ ബലമുള്ള ഭാഷണങ്ങൾ. ഹൃദയത്തിൽ നിന്ന് വരുന്ന ശക്തവും തീവ്രവും കുറിക്കുകൊള്ളുന്നതുമായ വാക്കുകൾ. നേരെ ചൊവ്വേയുള്ള ചോദ്യങ്ങൾ . ഇക്കഴിഞ്ഞ ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ വാർഷികയോഗത്തിൽ ഗ്രീറ്റ നടത്തിയ പ്രസംഗം സാമ്പത്തികവിദഗ്ധരെയും കോർപറേറ്റ് കമ്പനികളുടെ പ്രതിനിധികളെയും നിർത്തിപ്പൊരിക്കുന്നതായിരുന്നു.  ഭൂമിയുടെയുംഞങ്ങളുടെയുംഭാവിഅപകടത്തിലാകാൻ കാരണക്കാർ നിങ്ങളാണ് . ലാഭത്തിനു വേണ്ടിയുള്ള നിങ്ങളുടെ ആർത്തിയാണ്,” എന്ന് അവരുടെ മുഖത്തുനോക്കി നിസ്സങ്കോചം പറഞ്ഞു കുട്ടി. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാഉച്ചകോടിയിലും ഉജ്വലമായ ഭാഷണമാണ് കുട്ടി നടത്തിയത്.

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, മാറ്റം തുടങ്ങിക്കഴിഞ്ഞു എന്നാണ് കുട്ടികൾ സർക്കാരുകളോട് പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ  ചോരതുടിക്കും ചെറുകയ്യുകൾ ഏറ്റെടുക്കുന്നത് എന്തൊരു പ്രതീക്ഷയാണു നൽകുന്നത്!

എം സുചിത്ര. – മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് ലേഖിക