വിദ്യാര്‍ഥികളുടെ പ്രതിഷേധം ഫലിച്ചു; ഭഗവാന്‍ മാഷിന്റെ സ്ഥലം മാറ്റം റദ്ദാക്കി ഉത്തരവ്

1

ഒരു അദ്ധ്യാപകന്‍ സ്ഥലം മാറി പോകുന്നത് തടയാന്‍ ഒരു സ്കൂളിലെ മുഴുവന്‍ കുട്ടികളും ചേര്‍ന്ന് പ്രതിഷേധിച്ചാലോ ? പ്രിയപ്പെട്ട അധ്യാപകന് സ്ഥലം മാറ്റം ആണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന  കുട്ടികള്‍ അത് തടഞ്ഞത്  സ്കൂളിന്റെ ഗേറ്റ് അടച്ച് അതിനു മുന്നിൽ സ്നേഹമതിൽ തീർത്താണ്. സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവുമധികം പങ്കുവെയ്ക്കപെട്ട ചിത്രമായിരുന്നു ഈ അധ്യാപക – വിദ്യാര്‍ഥി സ്നേഹത്തിന്‍റെ അത്യപൂര്‍വമായ ചിത്രം.

വെളിഗരം സർക്കാർ ഹൈസ്കൂളിലെ ഇംഗ്ലിഷ് അധ്യാപകൻ ജി. ഭഗവാന്റെ സ്ഥലമാറ്റം ഒടുവില്‍ കുട്ടികളുടെ പ്രതിഷേധമാറിഞ്ഞു താൽക്കാലികമായി റദ്ദാക്കി.   ഇരുപത്തിയെട്ടുകാരനായ ഭഗവാന്‍ 2014 ലാണ് ഇംഗ്ലീഷ് അധ്യാപകനായി എത്തുന്നത്. അതുവരെ പഠനത്തില്‍ പിന്നോട്ടായിരുന്ന സ്കൂള്‍ ഭഗവാന്‍ എന്ന യുവ അധ്യാപകന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നിലെത്തി. 2014 മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയിലടക്കം ആരും ഇംഗ്ലീഷില്‍ പരാജയപ്പെട്ടില്ല. ഗുരുനാഥന്‍ മാത്രമല്ല, ജ്യേഷ്ഠനും, സുഹ‍ൃത്തും, രക്ഷിതാവുമൊക്കെയാണ് വിദ്യാര്‍ഥികള്‍ക്ക് ഭഗവാന്‍. ആ സ്നേഹമാണ് പ്രതിഷേധത്തിലൂടെ അവര്‍ പ്രകടിപ്പിച്ചത്.

സ്കൂളിന് പുറത്തേക്ക് പോകാന്‍ സമ്മതിക്കാതെ വിദ്യാര്‍ഥികള്‍ അധ്യാപകനെ ചേര്‍ത്തുപിടിച്ചു. ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവന്നു. വിദ്യാര്‍ഥി സ്നേഹത്തിന് മുന്നില്‍ ഗുരുനാഥനും പൊട്ടിക്കരഞ്ഞു.സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാനാണ് സാധ്യത.
സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ കുട്ടികളെ സ്കൂൾ മാറ്റുമെന്ന മുന്നറിയിപ്പുമായി രക്ഷിതാക്കളും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. യാത്രപറയാനെത്തിയ ഭഗവാനെ സ്കൂളിൽനിന്നു വിടാതെ അവർ സ്നേഹത്തടവിലാക്കിയതോടെയാണു വിദ്യാഭ്യാസ വകുപ്പ് 10 ദിവസത്തേക്ക് ഉത്തരവ് റദ്ദാക്കിയത്. പത്തല്ല, എത്ര ദിവസം കഴിഞ്ഞാലും ഭഗവാൻമാഷിനെ വിടില്ലെന്നാണു കുട്ടികൾ പറയുന്നത്.