പ്രവേശനോത്സവം ഇന്ന്; മൂന്നര ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്

0

തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി തൃശൂരിൽ നി‍ർവ്വഹിക്കും. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേദിവസം തുറക്കുന്നു എന്ന പ്രത്യേകതയുമായാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഖാദര്‍ കമ്മറ്റി ശുപാര്‍ശ പ്രകാരം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി,ഹൈസ്കൂൾഎന്നിവയുടെ ഭരണപരമായ ലയനവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഹയർസെക്കണ്ടറി അധ്യാപകർ സ്കൂളുകളിലെത്തുക.

പ്രവേശനോത്സവത്തില്‍നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കുകയാണ്.മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റൽ ക്ലാസുകളുമായി കുട്ടികളെ വരവേൽക്കാൻ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്കൂളുകൾ.

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഡിജിഇ അഥവാ ഡയറക്ടേറ്റ് ഓഫ് ജനറൽ എജ്യുക്കേഷന് കീഴിലാണ്. ഇതടക്കമുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. സംസ്ഥാനതല-ജില്ലാതല പ്രവേശനോത്സവങ്ങൾ ഇവർ ബഹിഷ്ക്കരിക്കും.