ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണം തന്നെയാണെന്ന് ഫോറൻസിക് റിപ്പോർട്ട്

0

കൊല്ലം: പള്ളിമൺ ആറ്റിൽ മരിച്ചനിലയിൽ കണ്ട ദേവനന്ദ(7)യുടേത് സ്വാഭാവികമായ മുങ്ങിമരണമാണെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘമടക്കം നടത്തിയ പരിശോധനാ ഫലങ്ങൾ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അന്വേഷണസംഘത്തിന് കൈമാറിയത്. കുട്ടി അബദ്ധത്തിൽ ആറ്റിൽ വീണതാണെന്നാണ് നിഗമനം.

ശരീരത്തിൽ മുറിവോ ആന്തരികാവയവങ്ങൾക്ക് തകരാറോ കണ്ടെത്താനായിട്ടില്ല. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല. വെള്ളത്തിൽ മുങ്ങിമരിച്ചാലുണ്ടാകുന്ന സ്വഭാവികത മാത്രമാണ് ശരീരത്തിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 27ന് രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്. വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ.രാവിലെ പത്തരക്ക് കാണാതായ ദേവനന്ദയുടെ മൃതദേഹം പിറ്റേന്ന് രാവിലെ ഏഴരക്കാണ് കണ്ടെത്തിയത്. ദേവനന്ദയുടേത് മുങ്ങിമരണമെന്ന് തന്നെയായിരുന്നു അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.