കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു

0

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ നില വഷളായതായി മകന്‍ അറിയിച്ചു.

ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു.

നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്‌സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായി. യുപിഎ സ‍ർക്കാ‍ർ അധികാരത്തിലിരുന്ന പത്ത് വ‍ർഷവും പാ‍ർട്ടിയുടേയും സർക്കാരിലേയും നി‍ർണായക അധികാര കേന്ദ്രമായിരുന്ന അഹമ്മദ് പട്ടേൽ. ​ഗാന്ധി-നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ൽ പാ‍ർട്ടിയുടെ ട്രഷറ‍റായി ചുമതലയേറ്റിരുന്നു.

ഗുജറാത്തിലെ ബറൂച്ചില്‍ 1949 ഓഗസ്റ്റ് 21നായിരുന്നു ജനനം. 1977ല്‍ ജനതാ തരംഗത്തിനിടയിലും 28ാം വയസില്‍ ബറൂച്ചില്‍നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ ഗുജറാത്ത് വിട്ട് തട്ടകം ഡല്‍ഹിയാക്കി. പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. രണ്ടുതവണ കൂടി ലോക്സഭയിലേക്ക് ജയിച്ച പട്ടേല്‍ 1990ൽ തോറ്റു. അതോടെ പാര്‍ലമെന്റിലേക്കുള്ള വഴി രാജ്യസഭയിലൂടെയാക്കി. അഞ്ചുതവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുഗുജറാത്തിൽ നിന്നും ലോക്സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓ​ഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭയിൽ എത്തിയത്.

2004-ൽ യുപിഎ അധികാരത്തിൽ എത്തിയപ്പോൾ സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സ‍ർക്കാരിൻ്റേയും മുന്നണിയുടേയും നടത്തിപ്പിൽ അദ്ദേഹം നി‍ർണായക പങ്കുവഹിച്ചു. കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ നി‍ർണായക ശക്തിയായിരുന്നുവെങ്കിലും കോൺ​ഗ്രസ് ഭാ​ഗമായ ഒരു സ‍ർക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായിട്ടില്ല എന്നത് എടുത്തുപറയേണ്ട ഒരുകാര്യം തന്നെയാണ്.