‘നീ ആരോടാണ് സംസാരിക്കുന്നതെന്നു ചോദിച്ച് മുഖത്ത് അടിച്ചു’: ജൂനിയര്‍ അഭിഭാഷകയെ തല്ലിയ ബെയ്‌ലിന് സസ്പെൻഷൻ

0

തിരുവനന്തപുരം∙ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്‌ലിന്‍ ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മര്‍ദിച്ചതെന്നാണു പരാതി. മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷകയ്‌ക്കൊപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടപടി ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. അഭിഭാഷകയെ ഉപദ്രവിച്ച വിവരമറിഞ്ഞ് അവിടെ പോയി അവരെ കണ്ടുവെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു. സംഘടന ഒപ്പമുണ്ടെന്ന് അവരോടു പറഞ്ഞു. പൊലീസ് നടപടികള്‍ക്കും അന്വേഷണത്തിനും ചികിത്സയ്ക്കും വേണ്ട സഹായം നല്‍കുമെന്നു അറിയിച്ചുവെന്നും സെക്രട്ടറി വ്യക്തമാക്കി. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കോടതി വളപ്പിനുള്ളില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്​ലിന്‍ ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബെയ്‌ലിന്‍ ദാസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍നിന്ന് പൊലീസിനെ തടഞ്ഞെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മറ്റൊരു ജൂനിയറുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു. ‘‘കോടതിയില്‍ എത്തിയപ്പോള്‍ അടുത്തുചെന്ന് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു സീനിയറോട് പറഞ്ഞു. നീ പറയുന്നതൊന്നും എനിക്കു കേള്‍ക്കേണ്ടെന്നാണ് മറുപടി പറഞ്ഞത്. പിന്നാലെ ഇറങ്ങിപോകാൻ തുടങ്ങി. സര്‍ തന്നെ ആ ജൂനിയറിന് മുന്നറിയിപ്പു നല്‍കണം. അല്ലെങ്കില്‍ എനിക്കു ചെയ്യേണ്ടിവരുമെന്നു അപ്പോൾ ഞാൻ പറഞ്ഞു. തുടര്‍ന്ന് എന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ജോലി ചെയ്യാൻ വന്നാൽ അതു ചെയ്താൽ മതിയെന്നും അടുത്തുനിന്ന ജൂനിയറിനോടു ഞാൻ പറഞ്ഞു. അപ്പോള്‍ നീ ഇത് ആരോടാണ് സംസാരിക്കുന്നതെന്നു ചോദിച്ച് അവരുടെ മുന്നില്‍ വച്ച് സർ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണിട്ട് വീണ്ടും അടിച്ചു.’’– ശ്യാമിലി പറഞ്ഞു.