കേരളത്തിൽ 21 പേർക്ക് കൂടി കൊവിഡ്-19, ഏഴ് ജില്ലകൾ ഹോട്ട് സ്പോട്ട് പട്ടികയിലേക്ക്

0

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം വീണ്ടും വ‌ർദ്ധിക്കുന്നതിനിടെ, തലസ്ഥാനം ഉൾപ്പെടെ ​ഏഴ് ജില്ലകൾ കേന്ദ്രസർക്കാരിന്റെ അതീവജാഗ്രതാ പ്രദേശമായ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെയാണ് ഹോട്ട് സ്‌പോട്ട് പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ രാജ്യത്തെ 10 കൊവിഡ് ഹോട്ട്സ്പോട്ടുകള്‍ ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളെക്കൂടി ഹോട്ട്‌സ്‌പോട്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്. അതേസമയം, സംസ്ഥാനത്ത് 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. അഞ്ച് പേര്‍ ഇടുക്കി സ്വദേശികളും രണ്ട് പേര്‍ കൊല്ലം സ്വദേശികളുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്ത് 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 165934 പേരാണ് നിലവില്‍ പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്. 165291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. 145 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7622 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പായി.

ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. 7 പേര്‍ വിദേശികളാണ്. 76 പേരാണ് രോഗികളുമായി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരായത്.ഇതിന് പുറമെ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ നിസാമുദ്ധീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെയെത്തിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് ഇതുവരെ നെഗറ്റീവ് ആയത് 28 പേരാണ്. തിരുവനന്തപുരം മലപ്പുറം ജില്ലകളില്‍ ഒരോ ആളുകളുടെ റിസല്‍റ്റ് നെഗറ്റീവ് ആയി. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകവ്യാപകമായിട്ടുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.