“സിനിമയിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്,” രാധികാ ആപ്‌തെ

0

കബാലിക്കു ശേഷം ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിലും രാധികാ ആപ്‌തെ എന്നും വാര്‍ത്തയില്‍ ഉണ്ട്. സിനിമാ മേലയിലെ ലൈംഗിക പീഡനം ഹോളിവുഡില്‍ അടക്കം ചൂടുള്ള ചര്‍ച്ചയാണ് ഇപ്പോള്‍. ഹാര്‍വീ വിന്‍സ്റ്റീന്‍ ലൈംഗിക അപവാദം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണവും. എന്നാല്‍ സിനിമാ ലോകത്ത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് രാധികാ ആപ്‌തെ. ബോളിവുഡില്‍ ഇര്‍ഫാന്‍ ഖാന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറായപ്പോഴാണ് നടി രാധിക ആപ്‌തെയും അതിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
“സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന മേഖലയിലെ കാര്യമാണ് പറയുന്നത്. എനിക്ക് അറിയാവുന്ന പല പുരുഷന്മാര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് പുറത്തു പറയാന്‍ ഇതാണ് പറ്റിയ സമയം. സ്വന്തം നിര്‍മ്മാണ കമ്പനി ഉള്ളവരോ സിനിമാ കുടുംബത്തില്‍ നിന്നുള്ളവരോ മാത്രം സിനിമയിലേക്ക് വരുന്ന കാലം മാറി. ഇപ്പോള്‍ സിനിമ വിവിധ തരത്തിലുള്ള വ്യക്തികള്‍ ജോലി ചെയ്യുന്ന ഒരിടം കൂടിയാണ്. അതിനാലാണ് ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ ഒരു വേദി ആവശ്യമായി വരുന്നത്.
തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നവരെക്കുറിച്ച് ലോകം അറിയണം. അതേ സമയം, എന്തെങ്കിലും നേടണം എന്നു ചിന്തിക്കുന്നവര്‍ എന്തു വേണമെങ്കിലും ചെയ്യാന്‍ തയാറുമാണ്. അതിനാല്‍ ഇത് രണ്ടു രീതിയും മാറേണ്ടിയിരിക്കുന്നു.
നിരസിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. തന്നെ സ്വാര്‍ത്ഥതയോടെ ഉപയോഗപ്പെടുത്തുകയാണെന്ന് തിരിച്ചറിയണം. കഴിവിന് അംഗീകാരം തീര്‍ച്ചയായും ലഭിക്കും. ചിലര്‍ വീട്ടില്‍ നിന്ന് ഒരു തയാറെടുപ്പും ഇല്ലാതെ നേരെ സിനിമയിലേക്കാണ് വരുന്നത്. ഇങ്ങനെ എത്തുന്നവര്‍ക്ക് ഈ മേഖലയില്‍ നിന്ന് ഒരു സഹായമോ പിന്തുണയോ ലഭിക്കില്ല. ഈ മേഖലയില്‍ കൂടുതല്‍ സുതാര്യതയും നിയമങ്ങളും വേണ്ടതുണ്ട്.
ലൈംഗിക പീഡനം നടത്തുന്നവരുടെ പേരുകള്‍ പുറത്തു പറയാന്‍ ബോളിവുഡിന് ഇനിയും ധൈര്യം വന്നിട്ടില്ല. കാരണം ആര്‍ക്കും അടുക്കാന്‍ കഴിയാത്ത ഒരു മാന്ത്രിക കോട്ടയാണ് ബോളിവുഡ് എന്നാണ് പലതും ധരിച്ചുവച്ചിരിക്കുന്നത്. പക്ഷേ അങ്ങനെയൊന്നുമില്ല. നമ്മള്‍ ജോലി ചെയ്യുന്ന ഇടമാണ് ഇത്. ജോലിക്കുള്ള പെരുമാറ്റച്ചട്ടങ്ങളെല്ലാം ഇതിന്റെ എല്ലാ മേഖലകളിലും നടപ്പിലാക്കണം. എന്തു സംഭവിച്ചാലും പേരുകള്‍ പുറത്തു പറയാനുള്ള ധൈര്യം അതിലൂടെ ഉണ്ടാകണം.
നമ്മള്‍ പറയുന്നത് ആര് വിശ്വസിക്കും. തെറ്റു ചെയ്യുന്നവരുടെ കൈയില്‍ അധികാരം ഉള്ളതിനാല്‍ എന്റെ പരാതി ശ്രദ്ധിക്കപ്പെടാതെ പോകും. അത് എന്റെ ജോലിയെ ബാധിക്കും എന്നൊക്കെയുള്ള ഭയം മാറണം. ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ധൈര്യം ഉണ്ടാകണം,” രാധികാ ആപ്‌തെ പറയുന്നു.