സനല്‍ കുമാര്‍ ശശിധരന്‌റെ ‘സെക്സി ദുർഗ്ഗയ്ക്ക്’ അന്താരാഷ്ട്ര പുരസ്‌കാരം

0

‘ഒഴിവ് ദിവസത്തെ കളി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സനല്‍ കുമാര്‍ ശശിധരന്‌റെ പുതിയ ചിത്രവും അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്. നെതര്‍ലന്‌റ്‌സില്‍ വെച്ച് നടന്ന റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആണ് സനല്‍ കുമാറിന്റെ പുതിയ ചിത്രം ‘സെക്സി ദുർഗ്ഗ’ അന്തര്‍ദേശീയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ഹിവോസ് ടൈഗര്‍ അവാര്‍ഡ് സ്വന്തമാക്കിയത്.ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം ഈ ബഹുമതി സ്വന്തമാക്കുന്നത്. അടിച്ചമര്‍ത്തപ്പെടുത്ത ഇന്ത്യന്‍ സ്ത്രീത്വത്തിന്‌റെ കഥയാണ് ദുര്‍ഗ എന്ന കഥാപാത്രത്തിലൂടെ പറയുന്നത്. രാജശ്രീ ദേശ്പാണ്ഡെ, കണ്ണന്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.40000 യൂറോയും (28.9 ലക്ഷം രൂപ ) പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രീമിയറായിരുന്നു റോട്ടർഡാം ഫെസ്റ്റിവലിൽ നടന്നത്. ഹിവോസ് ടൈഗർ അവാർഡിന് വേണ്ടിയുള്ള മത്സരത്തിൽ എട്ട് അന്താരാഷ്ട്ര സിനിമകളുടെ അന്തിമപട്ടികയിൽ നിന്നാണ് ജൂറി സെക്സി ദുർഗ്ഗയെ തെരഞ്ഞെടുത്തത്. ലിംഗം, വര്‍ഗ്ഗം, അധികാരം തുടങ്ങിയവയെ കുറിച്ച് സെക്സി ദുർഗ ഉൾക്കാഴ്ച നൽകുന്നതായി ജൂറി വിലയിരുത്തി.

ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്.രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.2014 ഒരാള്‍ക്കൊപ്പം എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്‌റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട് സനല്‍കുമാര്‍ ശശിധരന്‍. ഒഴിവു ദിവസത്തെ കളി എന്ന ചിത്രം 2015ലെ ഐഐഎഫ്‌കെയില്‍ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.