സെക്‌സി ദുര്‍ഗ; തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി വാങ്ങി വച്ചു; ജൂറി അംഗങ്ങള്‍ സിനിമ കണ്ട ശേഷം പ്രദര്‍ശിപ്പിക്കുമെന്ന് സുനില്‍ ഠണ്‍ഡന്‍

0

രാജ്യാന്തര ചലച്ചിത്ര മേളയില്‍ സെക്‌സി ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി വിധി പോലും പാലിക്കാന്‍ തയറാകാത്ത കേന്ദ്ര നടപടിക്കെതിരേ പ്രതിഷേധം ശക്തമായതോടെ സിനിമയുടെ സെന്‍സര്‍ കോപ്പി സമര്‍പ്പിക്കാന്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനില്‍ ഠണ്‍ഡന്‍. കോപ്പി ഉടനടി കൈമാറിയെങ്കിലും എന്നു പ്രദര്‍ശിപ്പിക്കുമെന്നു വ്യക്തമല്ല. ഹൈക്കോടതി വിധിയുടെ പകര്‍പ്പടക്കം സമര്‍പ്പിച്ചിട്ടും കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇന്നലെയാണ് ഇതു സംബന്ധിച്ച കത്ത് സനല്‍ കുമാര്‍ ശശിധരനു ലഭിച്ചത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സിനിമയുടെ രണ്ടു ഡിവിഡി കോപ്പിയും സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്.

എന്നാല്‍, ഫെസ്റ്റിവല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്താന്‍ സനല്‍ കുമാറിനെ അനുവദിച്ചില്ല. വേണ്ട സാമഗ്രികള്‍ നല്‍കിയ ശേഷം സ്ഥലംവിടാനായിരുന്നു നിര്‍ദേശം. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഠണ്‍ഡനോടു മുറിക്കുള്ളില്‍നിന്ന് ഇറങ്ങി വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അടച്ചിട്ട മുറിക്കുള്ളില്‍നിന്നു പുറത്തു വന്നില്ല. പിന്നീട് സനല്‍ കുമാറും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനു ശേഷമാണ് ഠണ്‍ഡനെ കാണാന്‍ സംവിധായകനു കഴിഞ്ഞത്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയായിരുന്നു ഇത്.

‘ഞാന്‍ ഇവിടെ കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ടു മണിക്കൂറുകളായെന്നും ഫെസ്റ്റിവല്‍ ഡയക്ടറെ കാണാന്‍ അനുമതി ലഭിച്ചില്ലെന്നും സനല്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ അവര്‍ അനുമതി നല്‍കിയപ്പോള്‍ സിനിമയുടെ സെന്‍സര്‍ കോപ്പിയും ഡിവിഡികളും ഡിസിപിയും കൈമാറി. സിനിമയ്ക്കു ജൂറി പിന്തുണ നല്‍കിയെങ്കിലും ഇപ്പോള്‍ ഡയറക്ടര്‍ പറയുന്നത് അവര്‍ സിനിമ കണ്ടിട്ടില്ലെന്നാണ്. അവര്‍ കാണട്ടെ. സിനിമയ്ക്കു സെന്‍സറിങ് സമയത്ത് ഒരു മാറ്റവും വരുത്താന്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇതു തന്നെയാണ് എല്ലാവരും കണ്ടതും. ഫെസ്റ്റിവല്‍ അവസാനിക്കാന്‍ പോകുകയാണ്. നാളെയെങ്കിലും സ്‌ക്രീനിങ് നടത്തിയില്ലെങ്കില്‍ പിന്നെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സനല്‍ കുമാര്‍ കോപ്പി കൈമാറിയ ശേഷം പ്രതികരിച്ചു.

സെന്‍സര്‍ കോപ്പി സ്വീകരിച്ചശേഷം തന്നോടു സംസാരിക്കാന്‍ പോലും ഠണ്‍ഡന്‍ തയാറായില്ലെന്നും സനല്‍ കുമാര്‍ പറഞ്ഞു. വേണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാവുന്നതാണ്. അമ്പതു ഫെസ്റ്റിവലുകളില്‍ കളിച്ച സിനിമയാണിത്. പത്തിലേറെ രാജ്യാന്തര അവാര്‍ഡുകളും നേടി. എന്നാല്‍, എന്റെ രാജ്യത്തു മാത്രം ഞങ്ങളെ തെരുവു പട്ടികളെ പോലെയാണ് കരുതുന്നത്. ഇത്തരം സിനിമകളെടുക്കാന്‍ തയാറാകുന്നവരെ നിരാശപ്പെടുത്തുന്നതാണ് ഈ നീക്കങ്ങള്‍- സനല്‍ കുമാര്‍ പറഞ്ഞു.

സ്മൃതി ഇറാനിയുടെ കീഴിലുള്ള കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍നിന്നും സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളൊന്നും ലഭിച്ചില്ലെന്നായിരുന്നു ഐഎഫ്എഫ്‌ഐ ഡയറക്ടര്‍ സുനിത് ഠണ്‍ഡന്റെ നിലപാട്. ചിത്രത്തോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ വലിയ വിമര്‍ശനം ഇദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. സെക്‌സി ദുര്‍ഗയിലെ നായകന്‍ കണ്ണന്‍ നായരാണു വിമര്‍ശനങ്ങള്‍ക്കു നേതൃത്വം പിടിച്ചത്. ചലച്ചിത്ര മേളകളിലെ സംഘാടനത്തിലെ വെല്ലുവിളികള്‍ എന്ന വിഷയത്തിലായിരുന്നു ഓപ്പണ്‍ ഫോറം. പരിപാടിയുടെ ഇടവേളയില്‍ വച്ച് ഠണ്‍ഡന്‍ ഇറങ്ങിപ്പോകുകയും ചെയ്തു. സിനിമ എന്നു പ്രദര്‍ശിപ്പിക്കുമെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഹൈക്കോടതി വിധിയുടെ പകര്‍പ്പു സഹിതം അപേക്ഷ നല്‍കിയെങ്കിലും ഇതു സ്വീകരിക്കുകയല്ലാതെ വ്യക്തമായ മറുപടി നല്‍കിയില്ല. ഇതേക്കുറിച്ചു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘കേന്ദ്ര നിര്‍ദേശം വന്നാല്‍ ഉടന്‍ നിങ്ങളെ അറിയിക്കും’ എന്നായിരുന്നു പ്രതികരണം.

സിനിമയുടെ പകര്‍പ്പ് ഗോവന്‍ മേളയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും സിനിമയുടെ സ്‌ക്രീനിങ് എന്നുണ്ടാകുമെന്ന് ഫെസ്റ്റിവല്‍ അധികൃതര്‍ അറിയിച്ചിട്ടില്ലെന്നും കണ്ണന്‍ നായര്‍ പറഞ്ഞു. ‘ഞങ്ങള്‍ റെഡിയാണെന്നും ഇതുസംബന്ധിച്ച അപേക്ഷ ടാന്‍ഡനു നല്‍കിയിട്ടുണ്ടെന്നും അപേക്ഷയ്‌ക്കൊപ്പം ഹൈക്കോടതി വിധിയുടെ പകര്‍പ്പു സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നു ചിത്രം ഒഴിവാക്കിയതോടെയാണു സനല്‍ കുമാര്‍ ശശിധരന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ രാജ്യാന്തരചലച്ചിത്രമേള(ഐ.എഫ്.എഫ്.ഐ)യിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്നാണ് ‘എസ് ദുര്‍ഗ, മറാത്തി സിനിമ ‘ന്യൂഡ്’ എന്നിവയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഇടപെട്ട് ഒഴിവാക്കിയത്. ഇരുചിത്രങ്ങളെയും ചലച്ചിത്രമേളയുടെ ജൂറി പനോരമയിലേക്കു തെരഞ്ഞെടുത്തിരുന്നു. തിങ്കളാഴ്ച ആരംഭിച്ച ചലച്ചിത്രമേള 28നാണ് സമാപിക്കുന്നത്.

ചിത്രം ഒഴിവാക്കിയതിനെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാരിനെതിരേ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ െഹെക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന സനലിന്റെ ഹര്‍ജി അംഗീകരിച്ചാണു പ്രദര്‍ശനാനുമതി. സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള ഹര്‍ജിയില്‍ തീര്‍പ്പ് െവെകുന്നു എന്നാരോപിച്ച് ഡിവിഷന്‍ ബെഞ്ചിനെ സംവിധായകന്‍ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് കേന്ദ്രസര്‍ക്കാരിനെതിവേ വിമര്‍ശനമുന്നയിച്ചു. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു ഹര്‍ജി തിരിച്ചയച്ചു. സിംഗിള്‍ ബെഞ്ചാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

റോട്ടര്‍ഡാം അടക്കമുള്ള രാജ്യാന്തര ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ ചിത്രമാണ് ‘എസ്. ദുര്‍ഗ’. സെക്സി ദുര്‍ഗ എന്ന പേരു വിവാദമായതിനെത്തുടര്‍ന്നാണു എസ്. ദുര്‍ഗ എന്നു മാറ്റിയത്. കേരളത്തിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ‘എസ്. ദുര്‍ഗ’ സംവിധായകന്‍ പിന്‍വലിച്ചിരുന്നു.