ഷാനവാസ് വെന്റിലേറ്ററിലാണ്; പ്രതികരണവുമായി വിജയ് ബാബു

0

സംവിധായകൻ നരണിപ്പുഴ ഷാനവാസ്‌ മരിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി വിജയ് ബാബു.

ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു.

സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ ഷാനാവാസിന്റെ മരണവാർത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മിനിറ്റുകൾക്ക് ശേഷം അത് പിൻവലിച്ചു. തുടർന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയാണ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു.ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്.