പ്രേമത്തെ എതിർത്തു; സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടി അറസ്റ്റില്‍

0

ബെംഗളൂരു: സഹോദരന്റെ കൊലപാതകത്തില്‍ കന്നട നടി ഷനായ കത്‌വേയും കാമുകനും അറസ്റ്റില്‍. കാമുകന്റെ സഹായത്തോടെ സഹോദരൻ രാകേഷ് കത്‌വെയെ (32) കൊന്ന കേസിൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേരെയാണു ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

നടി തന്റെ പുതിയ സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് സഹോദരന്റെ കൊലപാതകം നടക്കുന്നത്. കാമുകന്‍ നിയാസഹമ്മദ് കത്യാഗര്‍, തൗസിഫ് ചന്നാപൂര്‍, അല്‍താഫ് മുല്ല, അമന്‍ ഗിരാനിവാലി തുടങ്ങിയവര്‍ നടിയുടെ സഹോദരന്‍ രാകേഷ് കത്‌വെയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റി ദേവരഗുഡിഹലിലെ വനപ്രദേശത്ത് വലിച്ചെറിയുകയുമായിരുന്നു.

സമീപപ്രദേശത്ത് താമസിക്കുന്നവരുടെ മൊഴികള്‍ പ്രകാരമാണ് നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ നിയാസഹമ്മദ് കത്യാഗറും നടിയും തമ്മില്‍ പ്രണയത്തിലാണെന്ന് പോലീസ് കണ്ടെത്തി. ഇയാളുമായുള്ള പ്രണയബന്ധം സഹോദരന്‍ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഷനായയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018ൽ ‘ഇടം പ്രേമം ജീവനം’ എന്ന കന്നഡ സിനിമയിലൂടെയാണു ഷനായ അഭിനയ രംഗത്തെത്തിയത്. അഡൾട്ട് കോമഡി ചിത്രമായ ‘ഒണ്ടു ഘണ്ടേയ കഥെ’യിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.