ഷങ്കറിന്റെയും കൗസല്യയുടെയും ജീവിതം വെള്ളിത്തിരയിലേക്ക്

0

ഉദുമല്‍പേട്ടയിലെ ദലിത് യുവാവ് ഷങ്കറിന്റെ കൊലപാതകം വെള്ളിത്തിരയിലേക്ക്.തേവര്‍ സമുദായത്തില്‍പ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെ മാര്‍ച്ച് 13നാണു ഉദുമല്‍പേട്ട നഗരമധ്യത്തില്‍വച്ചു ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.

മാറാത സമൂഹം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഖാദര്‍, ദിലിജ എന്നീ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. നമോ നാരായണ, ഡെല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പങ്കജ് എസ് ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം എന്‍ മണികണ്ഠനാണ് നിര്‍മ്മിക്കുന്നത്.തേവര്‍ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാര്‍) സമുദായത്തില്‍പ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്തതാണു കൊലപാതകത്തില്‍ കലാശിച്ചത്. കൗസല്യയുടെ മാതാപിതാക്കള്‍ വിവാഹം നടന്നത് അറിഞ്ഞ ഉടന്‍തന്നെ കൗസല്യയെ, വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടില്‍ തിരികെയെത്തിച്ചു. എന്നാല്‍ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടര്‍ന്നു ശങ്കറിനോടൊപ്പം താമസിക്കാന്‍ ശങ്കറിന്റെ വീട്ടുകാര്‍ കൗസല്യയെ അനുവദിച്ചു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടര്‍ന്നുണ്ടായദുരഭിമാന പ്രശ്‌നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.