ശെെഖ് ഖലീഫ വീണ്ടും യു.എ.ഇ പ്രസിഡന്റ്

0

അബുദാബി: ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനെ വീണ്ടും യുഎഇ പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം. തുടര്‍ച്ചയായ നാലാം തവണയാണ് ശൈഖ് ഖലീഫ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പിതാവ് ശൈഖ് സായിദിൻെറ പ്രയത്നങ്ങളും പ്രവർത്തനങ്ങളും അടുത്തു നിന്ന് കണ്ടറിഞ്ഞ ശൈഖ് ഖലീഫക്ക് മികച്ച ഭരണനേതൃത്വം നൽകാൻ എളുപ്പം സാധിച്ചു. 1966ൽ അബൂദബി ഭരണാധികാരിയായ ഘട്ടത്തിൽ കിഴക്കൻ മേഖലയിലെ പ്രതിനിധിയായി ശൈഖ് ഖലീഫയെ ശെെഖ് സായിദ് നിയോഗിച്ചു. മൂന്നു വർഷത്തിനു ശേഷം അബൂദബിയുടെ കിരീടാവകാശിയായും മാറി.

2004 നവംബർ ആദ്യ വാരം അബൂദബി ഭരണാധികാരിയായും യു.എ.ഇ പ്രസിഡൻറായും സായുധ സേനാ സർവ സൈന്യാധിപനായും നിയുക്തനായി. പ്രതികൂല സാഹചര്യത്തിലും എമിറേറ്റുകളെയും ജനങ്ങളെയും ചേർത്തു പിടിച്ച് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സന്തുഷ്ടമായി ജീവിക്കുവാനും വളരുവാനുമുള്ള മണ്ണായി യു.എ.ഇയെ നിലനിർത്തുന്നതിൽ ശൈഖ് ഖലീഫ വിജയിച്ചുവെന്ന് അഭിനന്ദന സന്ദേശത്തിൽ വിവിധ രാഷ്ട്രനേതാക്കൾ ചൂണ്ടിക്കാട്ടി. സൗദി അറേബ്യ മുതൽ മിക്ക അറബ് രാജ്യങ്ങളും ശൈഖ് ഖലീഫയെ അഭിനന്ദനം അറിയിച്ചു.

പാർലമെൻറിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി പങ്കാളിത്ത ജനാധിപത്യം സാധ്യമാക്കിയതും ശൈഖ് ഖലീഫയുടെ മികച്ച നേട്ടമായാണ് വിലയിരുത്തുന്നത്.