കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു; അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്

0

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു. രണ്ട് ദിവസം മുമ്പ് ഷിഗല്ല ബാധിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രോ​ഗം പടർന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

രോഗം കണ്ടെത്തിയ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷി​ഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശനിയാഴ്ച കോട്ടാംപറമ്പില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്ക് അയച്ചിട്ടുണ്ട്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഷി​ഗല്ല സ്ഥിരീകരിച്ചത്. തുടക്കത്തിൽ അഞ്ച് പേർക്കായിരുന്നു രോ​ഗലക്ഷണം. പിന്നീട് കൂടുതൽ പേർക്ക് രോ​ഗലക്ഷണം കണ്ടെത്തുകയായിരുന്നു. തിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷി​ഗല്ല പടരും.