വെല്ലുവിളികള്‍ ഇതാദ്യമല്ല, ഭാവിയിലും അതിജീവിക്കും: ആദ്യ പ്രതികരണവുമായി ശിൽപ ഷെട്ടി

0

ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ശിൽപ ഷെട്ടി. അമേരിക്കന്‍ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ജെയിംസ് തര്‍ബറിന്റെ പുസ്തകത്തിലെ ഏതാനും വരികളാണ് ശില്‍പ്പ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

“കോപത്തോടെ പിന്നിലേക്കും ഭയത്തോടെ മുന്നോട്ടും നോക്കരുത്. എന്നാല്‍ ചുറ്റുമുള്ളതിനെക്കുറിച്ച് ബോധമുണ്ടായിരിക്കണം. നമ്മളെ വേദനിപ്പിച്ചവരെയും നേരിട്ട അനുഭവത്തെയും കോപത്തോടെയായിരിക്കും നാം ഓര്‍ത്തെടുക്കുക. ജോലി പോകുമോ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ തുടങ്ങി ഒട്ടേറെ ഭയങ്ങളോടെയാണ് നാം മുന്നോട്ട് പോകുന്നത്. നമ്മള്‍ എവിടെയാണോ അവിടെ ഉണ്ടായിരിക്കുക. ഇനി എന്തെന്നോ എങ്ങനെയെന്നോ ആശങ്കപ്പെടുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ അതെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണം.

ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്‌ ഭാഗ്യമായി കരുതി ദീര്‍ഘനിശ്വാസം എടുക്കുന്നു. മുന്‍കാലത്തെ വെല്ലുവിളികളെ നേരിട്ടത് പോലെ ഭാവിയിലെ വെല്ലുവിളികളെയും നേരിടുംഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും മാറ്റാന്‍ കഴിയുന്നില്ല.”- ഇതായിരുന്നു പുസ്തകത്തിലെ ഭാഗം.

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ടാണ് വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതത്. കൂടുതൽ പ്രമുഖർ ഉൾപ്പെടുന്നെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അശ്ലീലച്ചിത്രം നിർമിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിൽ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉൾപ്പെടെ 6 പേരെ പൊലീസ് ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു. കേസിൽ മുഖ്യ ആസൂത്രകൻ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.