സിദ്ദിഖ് കാപ്പനെ ഡൽഹി എയിംസില്‍ പ്രവേശിപ്പിച്ചു

0

ന്യൂഡൽഹി: യു എ പി എ കേസില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചതായി മഥുര ജയില്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് മഥുര ജയിലില്‍ നിന്ന് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്.

ഒരു ഡെപ്യൂട്ടി ജയിലറേയും മെഡിക്കൽ ഓഫീസറെയും കാപ്പനൊപ്പം നിയോഗിച്ചിട്ടുണ്ട്. കാപ്പനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന കോടതി ഉത്തരവ് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ശേഷമാണ് എയിംസിലേക്ക് മാറ്റിയത്.

പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ അലട്ടുന്ന കാപ്പനെ ചിക്ത്‌സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും തടവുകാർക്കും ഇത് ബാധകമാണെന്നും സിദ്ദിഖ് കാപ്പന് ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടികാട്ടിയിരുന്നു.

സിദ്ദിഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും സുപ്രീംകോടതി, മെച്ചപ്പെട്ട ചികിത്സ നൽകാൻ ദില്ലിക്ക് കൊണ്ടു പോകാൻ ഉത്തരവിടുകയായിരുന്നു. കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. ദില്ലി എയിംസിലോ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലോ കാപ്പനെ പ്രവേശിപ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് താടിയെല്ലിന് പരിക്ക് ഉണ്ടായതായി നേരത്തെ മധുര ജയിലിലെ മെഡിക്കല്‍ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡല്‍ഹിയിലെ എയിംസില്‍ നടത്തുമെന്നാണ് സൂചന.