അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടുന്നില്ല, ആന തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധ സമിതിയംഗം

0

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാറിലേയ്ക്ക് മാറ്റിയ അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്ന് വനംവകുപ്പിന് സിഗ്നൽ ലഭിക്കുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അവസാനമായി സിഗ്നൽ ലഭിച്ചത്.

തമിഴ്‌നാട്ടിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പനെ അവസാനമായി കണ്ടത്. സാങ്കേതിക പ്രശ്നം മൂലമാണ് സിഗ്നൽ ലഭിക്കാത്തതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഉപഗ്രഹത്തിലെത്തിയതിനുശേഷം ഇവിടെനിന്നാണ് വനംവകുപ്പിന്റെ പോർട്ടലിലേയ്ക്ക് എത്തുക. മേഘാവൃതമായ കാലാവസ്ഥ ആയാലും ആന ഇടതൂർന്ന വനത്തിലാണ് ഉള്ളതെങ്കിലും ഇത്തരത്തിൽ സിഗ്നൽ ലഭിക്കാതെ വരുമെന്നാണ് വനംവകുപ്പ് പറയുന്നത്. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിനോട് ആവശ്യപ്പെടുമെന്നും വനം വകുപ്പ് വ്യക്തമാക്കി. ഈ സംഘടനയാണ് അരിക്കൊമ്പനുള്ള റേഡിയോ കോളർ വനം വകുപ്പിന് നൽകിയത്. പത്തുവർഷം വരെയാണ് റേഡിയോ കോളറിന്റെ ബാറ്ററി കാലാവധി.

അതേസമയം, തുറന്നുവിട്ട സ്ഥലത്തുനിന്ന് 12 കിലോമീറ്റർവരെ അരിക്കൊമ്പൻ സഞ്ചരിച്ചതായാണ് വിവരം. അരിക്കൊമ്പൻ ചിന്നക്കനാലിലേയ്ക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി വിദഗ്ദ്ധ സമിതിയംഗം ഡോ പി എസ് ഈസ പറഞ്ഞു. ട്രാൻസ്‌ലൊക്കേറ്റ് ചെയ്തിട്ടുള്ള ചില ആനകൾ തിരിച്ചുവന്നിട്ടുണ്ട്. അരിക്കൊമ്പന് പറ്റിയ ഇടം പെരിയാറിനേക്കാൾ പറമ്പിക്കുളമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.