സിംഗപ്പൂര്‍ കൈരളി കലാനിലയം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

0

ആറു ദശാബ്ദങ്ങള്‍ക്കുമുന്‍പ് സിംഗപ്പൂരില്‍ രൂപീകൃതമായി, കലാ സാംസ്കാരികരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച സിംഗപ്പൂര്‍ കൈരളി കലാനിലയം തിരിച്ചുവരവിന്‍റെ പാതയില്‍… ഒരു പതിറ്റാണ്ടുകാലമായി സുഷുപ്തിയുടെ നാളുകളിലായിരുന്ന കലാ നിലയം പുതിയ ഉണര്‍വ്വുമായി തിരിച്ചെത്തുന്നു. രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ പ്രവര്‍ത്തകസമിതി ഇന്ന് ചുമതലയേറ്റു.  ഈ വരുന്ന ആഗസ്ത് ആദ്യവാരത്തില്‍ അവതരിപ്പിക്കുന്ന നാടകത്തോടെ കൈരളി കലാനിലയത്തിന്‍റെ സാംസ്കാരികയാത്ര വീണ്ടും തുടരും…

1957 ല്‍ രൂപീകരിച്ച സിംഗപ്പൂര്‍ കൈരളി കലാനിലയം ഇരുനൂറ്റി അന്‍പതിലേറെ നാടകങ്ങള്‍  സിംഗപ്പൂരിലും മറുനാടുകളിലേയും വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കെ.ടി മുഹമ്മദിന്‍റെയും തോപ്പില്‍  ഭാസിയുടെയും വിഖ്യാതമായ പല നാടകങ്ങളും സിംഗപ്പൂരില്‍ അവതരിപ്പിച്ചത് കൈരളി  കലാനിലയത്തിലൂടെയായിരുന്നു. അതിനോടൊപ്പം, മറ്റു കലാസാംസ്കാരിക രംഗങ്ങളിലും കൈരളി കലാനിലയം സജീവമായിരുന്നു.

കൈരളി കലാനിലയത്തിന്‍റെ ആദ്യത്തെ പ്രവര്‍ത്തകസമിതിയോഗം  മേയ് ഒന്നാം തീയ്യതി ചേരുകയുണ്ടായി. സിംഗപ്പൂരിന്‍റെ ചരിത്രഭാഗമായ കൈരളി കലാനിലയത്തിന്‍റെ പഴയ പ്രതാപം വീണ്ടെടുത്തുകൊണ്ട്, അന്താരാഷ്ട്രാനിലവാരമുള്ള കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

സിംഗപ്പൂര്‍ കൈരളി കലാനിലയം ഈ മാസം പകുതിയോടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തും. കൈരളി കലാനിലയത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: [email protected]

Save