ട്രംപ് – കിം കൂടിക്കാഴ്ച; ഞെട്ടിക്കുന്ന സുരക്ഷയും അത്യാധുനിക സംവിധാനങ്ങളുമായി സിംഗപ്പൂര്‍; അന്താരാഷ്ട്ര ശ്രദ്ധയില്‍ സിംഗപ്പൂര്‍

0

ലോകം മുഴുവന്‍ ഇപ്പോള്‍ നോക്കുന്നത് സിംഗപ്പൂരിലെക്കാണ്. കാരണം ലോകത്തെ ഏറ്റവും ശക്തരായ രണ്ടു നേതാക്കള്‍ തമ്മിലുള്ള ഒരു കൂടികാഴ്ചയ്ക്ക്കാണ് ഇക്കുറി  സിംഗപ്പൂര്‍ വേദിയാകുന്നത്‌. എന്തുകൊണ്ടാണു സിംഗപ്പൂരിലെ സെന്റോസ ദ്വീപ് തന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെയും ചരിത്രപരമായ കൂടിക്കാഴ്ചയ്ക്കു തിരഞ്ഞെടുത്തതെന്ന ചോദ്യമാണ് ഏതാനും ദിവസങ്ങളായി പലരുടെയും മനസ്സിൽ. ‘സെന്റോസ’ എന്നാൽ ‘സമാധാനവും പ്രശാന്തിയും’ എന്നാണു മലയ് ഭാഷയിൽ അർഥം.

ചരിത്രം കുറിക്കുന്ന കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കുന്നത് വഴി ലഭിക്കുന്ന അന്താരാഷ്ട്ര ശ്രദ്ധയിലാണ് സിംഗപ്പൂര്‍. നാളെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് വേണ്ടി 20 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍ ചെലവഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നാണ് വിവരങ്ങൾ.

സമാധാനവും ഉത്തരകൊറിയൻ ആണവ നിരായുധീകരണവുമാകും പ്രധാന ചർച്ചാവിഷയങ്ങളെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കിമ്മിനൊപ്പം വിദശകാര്യമന്ത്രി റി യോംഗ് ഹോ, പ്രതിരോധമന്ത്രി നോ ക്വാംഗ് ചോൽ എന്നിവരുണ്ടാകുമെന്നും സ്ഥിരീകരണമായി. കിമ്മിന്‍റെ സഹോദരിയും ഒപ്പമുണ്ടാകുമെന്ന് വാർത്തകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചിട്ടില്ല. ദക്ഷിണകൊറിയൻ സർക്കാർ പ്രതിനിധികളും സിംഗപ്പൂരിലെത്തിയിട്ടുണ്ട്.

ചൈനീസ് വിമാനത്തില്‍ കിം സിംഗപ്പൂരില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ ട്രംപും വന്നിറങ്ങി. നൂറുക്കണക്കിന് ആളുകളേയും മാധ്യമങ്ങളേയും സാക്ഷി നിര്‍ത്തി 20 വാഹനങ്ങളുടെ അകമ്പടിയിലാണ് കിം സെന്റ് റെഗിസ് ഹോട്ടലില്‍ എത്തിയത്.

ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂരിന് ചെലവാകുന്നത് 20 ദശലക്ഷം സിംഗപ്പൂര്‍ ഡോളറാണെന്ന് പ്രധാനമന്ത്രി ലീ സീന്‍ ലൂംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതില്‍ പകുതിയും സുരക്ഷാ ചുമതലയ്ക്കാണ് ചെലവഴിക്കുന്നത്. കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍  2,500 ജേര്‍ണലിസ്റ്റുകളെയാണ് സിംഗപ്പൂര്‍ പ്രതീക്ഷിക്കുന്നത്. ഇവരുടെ സൗകര്യം ഒരുക്കുന്നതിന് എഫ് 1 പിറ്റ് ബില്‍ഡിംഗിലെ മികച്ച സൗകര്യങ്ങളോട് കൂടിയ അന്താരാഷ്ട്ര മീഡിയാ സെന്റര്‍ തയ്യാറാക്കാന്‍ മാത്രം 50 ലക്ഷം ഡോളര്‍ ചെലവാക്കിയിട്ടുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.