സിംഗപ്പൂരില്‍ യാക്കോബായ സഭയുടെ പുതുക്കിയ കത്തീഡ്രലിന്‍റെ കൂദാശ ജനുവരി 5,6 തീയതികളില്‍

1

വുഡ് ലാന്ഡ്സ് :2008-ല്‍ ആരംഭിച്ച സിംഗപ്പൂര്‍സെന്‍റ്,മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതുക്കിയ ദൈവാലയം കൂദാശയ്ക്കായി ഒരുങ്ങുന്നു.2019 ജനുവരി മാസം 5-നു വൈകിട്ട് 5 മണി മുതല്‍ ഇടവക മെത്രാപ്പോലീത്ത അഭി.യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യകാര്മ്മികത്വത്തില്‍ വിശുദ്ധ മൂറോന്‍ കൂദാശ നടത്തപ്പെടുന്നു.ജനുവരി 6-നു രാവിലെ 8.30-ന് വി.മൂന്നിന്മേല്‍ കുര്‍ബാനയും ദനഹാ ശുശ്രൂഷകളും നടത്തപ്പെടുന്നു. അതിനു ശേഷം സിംഗപ്പൂരിലെ ഇതര സഭകളിലെ വൈദീകരുടെ സാന്നിദ്ധ്യത്തില്‍ പൊതുസമ്മേളനവും ഉണ്ടായിരിക്കും.സ്നേഹവിരുന്നോടെ കൂദാശ ശുശ്രൂഷകള്‍ അവസാനിക്കും .

വിദേശ രാജ്യത്തു സ്വന്തമായി ഒരു ദൈവാലയം സ്ഥാപിക്കുന്നതിനുള്ള നിയമപരവും സാമ്പത്തികപരവുമായ വെല്ലുവിളികളെ മറികടന്നാണ് യാക്കോബായ സഭയുടെ സിംഗപ്പൂര് ഇടവക 2013-ല്‍ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.എന്നാല്‍ വിശ്വാസികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ട അവസരത്തിലാണ് കൂടുതല്‍ മികച്ചൊരു ദൈവാലയം കണ്ടെത്താന്‍ പള്ളി ചുമതലക്കാര്‍ തീരുമാനിച്ചത്. സിംഗപ്പൂര്‍ മണ്ണില്‍ സകല പ്രതിസന്ധികളെയും നേരിട്ട് സുറിയാനി സഭാവിശ്വാസികളെ ഒന്നിപ്പിച്ചു നിര്‍ത്തുവാന്‍ ഈ ഇടവക വഹിക്കുന്ന പങ്ക് വളരെ വലുതാണ് .

തെക്ക് കിഴക്കന്‍ രാജ്യങ്ങളിലെ ആദ്യ യാക്കോബായ സുറിയാനി പള്ളി എന്നതിനോടൊപ്പം സ്വന്തമായൊരു ദൈവാലയം എന്ന നേട്ടവും ചുരുങ്ങിയ കാലയളവില്‍ ഇടവക കൈവരിച്ചു.ഇടവക എന്നതിലുപരി ഒരു ഭദ്രാസനം ആയിഉയര്‍ത്തപ്പെട്ട സിംഗപ്പൂര്‍ പള്ളി മലേഷ്യയില്‍ ഇടവക സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുകയും തായ്‌ ലാന്‍ഡ്‌ ,ഇന്തോനേഷ്യ,ബ്രൂണൈ എന്നീ സമീപ രാജ്യങ്ങളിലെ വിശ്വാസികളെ ഏകോപിപ്പിച്ചു കുര്‍ബാന നടത്തുവാനും കഴിഞ്ഞു എന്നത് ഇടവകയുടെ നേട്ടങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.2013-ല്‍ യാക്കോബായ സുറിയാനി പള്ളിയെ സഭ ഒരു കത്തീഡ്രല്‍ ആയി ഉയര്‍ത്തിയത്‌ പ്രധാന നാഴികക്കല്ലുകളിലോന്നാണ് .കൂദാശയോടനുബന്ധിച്ച് നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും ഇടവക തീരുമാനിച്ചു .

പുതിയ ദൈവാലയത്തിന്‍റെ കൂദാശ പ്രൌഡ ഗംഭീര ചടങ്ങുകളോടെയാണ് ഇടവക കൊണ്ടാടുന്നത് .ഇടവകയിലെ യൂത്ത്‌ അസോസിയേഷന്‍ ,വനിതാ സമാജം ,സണ്ടേസ്കൂള്‍ എന്നീ പ്രസ്ഥാനങ്ങള്‍ പള്ളി മാനേജിംഗ് കമ്മിറ്റിയോട് ചേര്ന്നു നിന്നുകൊണ്ട് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

സിംഗപ്പൂരിലെ മലയാളികള്‍ ഏറെ അധിവസിക്കുന്ന വുഡ് ലാണ്ട്സ്‌ പ്രദേശത്താണ് പുതിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് .അട്മിരാലിട്ടി,വുഡ് ലാണ്ട്സ്‌ എന്നീ മെട്രോ സ്റ്റേഷനുകളുടെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദൈവാലയത്തിലേക്കുള്ള ഗതാഗത മാര്‍ഗങ്ങള്‍ വിശ്വാസികള്‍ക്ക് ഏറെ സൗകര്യപ്രദമാണ്. അട്മിരാലിട്ടി മെട്രോ സ്റ്റേഷനില്‍ നിന്ന് നടക്കുവാനുള്ള ദൂരത്താണ് പുതിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് .കൂടാതെ പഴയ ദൈവാലയത്തോട് ചേര്‍ന്നാണ് പുതിയ പള്ളി കണ്ടെത്തിയിരിക്കുന്നത് .മെഗാ അറ്റ്‌ വുഡ് ലാന്ഡ്സ് എന്ന ഏറ്റവും മികച്ച സൌകര്യങ്ങളുള്ള കെട്ടിടസമുച്ചയത്തിലാണ് പുതിയ പള്ളി ക്രമീകരിച്ചിരിക്കുന്നത് .

ദൈവാലയ കൂദാശക്കും പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും പ്രാര്‍ത്ഥനയോടും ,നോമ്പോടും ,നേര്‍ച്ച കാഴ്ച്ചകളോടും കൂടെ എല്ലാവരും പങ്കെടുക്കണമെന്ന് പള്ളി മാനേജിങ്ങ് കമ്മിറ്റിക്കുവേണ്ടി ഇടവക വികാരി റവ. ഫാ.സനു മാത്യു അറിയിച്ചു.Ph:65-81891415