“ഇനി പാടാനില്ല” എസ് ജാനകി

0
കടപ്പാട്: പ്ലസ് മീഡിയ

“പാടാൻ കഴിയില്ലെന്നല്ല, പക്ഷേ ഇനി പാടാൻ ഞാൻ ഇല്ല,” തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകി ഇത് പറയുമ്പോൾ ഏതാണ്ട് 60 വർഷത്തോളം സിനിമയിൽ അലിഞ്ഞു ചേർന്ന ആ മധുര സ്വരത്തിൽ ഒരു ഇടർച്ച. 1957-ൽ തമിഴിലും മലയാളത്തിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ച് 48,000-ത്തിലധികം ഗാനങ്ങൾ പാടിയ ജാനികയുടെ അവസാന ഗാനം മലയാളത്തിലാകുന്നത് യാദൃച്ഛികതയാകാം. “അതെ, അത് യാദൃച്ഛികമായി സംഭവിച്ചതാണ്. ഞാൻ മനസ്സിൽ ഈ തീരുമാനം എടുത്തിരിക്കുമ്പോൾ എന്നെ തേടി വന്ന അവസാന ഗാനം ആ താരാട്ടു പാട്ടാകട്ടെ എന്ന് ഞാനും കരുതി,” ജാനകി പറയുന്നു. അനൂപ് മേനോനും മീരാ ജാസ്മിനും അഭിനയിക്കുന്ന 10 കൽപനകൾ എന്ന ചിത്രത്തിലെ ഒരു താരാട്ട് പാട്ടോടു കൂടിയാണ് ജാനകി ഗാനരംഗത്തു നിന്നും വിടപറയുന്നത്. “ഇതായിരിക്കും എന്റെ അവസാന ഗാനം. ഇനി ഞാൻ റെക്കോർഡിങ്ങിലോ പൊതുവേദികളിലോ പാടില്ല,” ജാനകി പറഞ്ഞു. നാല് ദേശീയ അവാർഡുകളും 32 സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയ ജാനകി 2013-ൽ രാഷ്ട്രം നൽകിയ പത്മഭൂഷൻ “വൈകിപ്പോയി” എന്നു പറഞ്ഞ് നിരസിക്കുകയുണ്ടായി. രാഷ്ട്രം പ്രഗത്ഭയായ ഒരു കലാകാരിയോട് കാട്ടിയ അനാദരവ് തന്നെയായിരുന്നു അത്. “എനിക്ക് പ്രായമായി. നിരവധി ഭാഷകളിൽ ഞാൻ പാടുകയും ചെയ്തു. ഇനി എനിക്ക് വിശ്രമം വേണം. പുതിയവർ കടന്നു വരട്ടെ,” 78-ആം വയസ്സിൽ ജാനകി ഇതു പറയുമ്പോൾ സംഗീതലോകത്തിന് അതൊരു വിടവാങ്ങൽ പ്രഖ്യാനമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല.