ബാലഭാസ്‌കറിന്റെ മരണം; നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

0

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിനിടയാക്കിയ പള്ളിപ്പുറത്തെ കാറപകടത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. മിമിക്രി കലാകാരനായ കലാഭവൻ സോബിയാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. അപകടം നടന്നതിന് പിന്നാലെ അതുവഴി യാത്രചെയ്‌തിരുന്നുവെന്നും തുടർന്ന് സംഭവസ്ഥലത്തു നിന്നും ഒരാൾ ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടുവെന്നും സോബി പറയുന്നു.

ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ അവിടെ കണ്ടെന്നും കലാഭവന്‍ സോബി പറയുന്നു. ഇക്കാര്യം ബാലഭാസ്കറിന്‍റെ മാനേജര്‍ പ്രകാശന്‍ തമ്പിയോട് പറഞ്ഞെങ്കിലും അദ്ദേഹം ഇത് ഗൗരവത്തോടെ എടുത്തില്ലെന്നും ഇപ്പോള്‍ സ്വര്‍ണകടത്ത് കേസില്‍ പ്രകാശന്‍ തമ്പി പിടിയിലായതോടെയാണ് തനിക്ക് വീണ്ടും സംശയം ശക്തമായതെന്നും സോബി ജോര്‍ജ് പറഞ്ഞു. ആറ്റിങ്ങൽ സി.ഐ. കൂടുതൽ വിവരങ്ങൾക്കായി തന്നെ വിളിക്കുമെന്നാണ് പ്രകാശ് തമ്പി അന്ന് തന്നോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് ഒരു പുരോഗതിയുമുണ്ടായില്ലെന്നും സോബി വ്യക്തമാക്കി.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ്‌കോർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വർണക്കടത്ത്‌കേസിൽ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനുപുറമേ ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനെയും സ്വർണക്കടത്ത്‌കേസിൽ ഡി.ആർ.ഐ. തിരയുകയാണ്. സ്വർണക്കടത്ത്‌കേസിൽ കൂടുതൽപേർ പിടിയിലായതോടെ ഇയാൾ ഒളിവിൽപോവുകയായിരുന്നു. വിഷ്ണുവാണ് അർജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്. അപകടസമയത്ത് അർജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ച് ഇപ്പോളും സംശയങ്ങൾ ബാക്കിയാണ്. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജർമാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്‌മി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോർഡിനേറ്റർമാർ മാത്രമാണെന്നാണ് ലക്ഷ്മിയുടെ വിശദീകരണം.

2018 സെപ്‌തംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകൾതേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കർ പിന്നീട് ചികിത്സയിൽ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാൾ ചികിത്സയിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ്‌പോലീസ്‌മേധാവിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.