സോഷ്യല്‍ മീഡിയയുടെ ആക്രമണം അതിരുവിട്ടു; ലൈവില്‍ പൊട്ടികരഞ്ഞു ഹനാന്‍

0

സോഷ്യല്‍ മീഡിയ ഇന്നലെ ഏറ്റെടുത്തു ഹനാന്‍ എന്ന പെണ്‍കുട്ടി ഇന്ന് സോഷ്യല്‍ മീഡിയയുടെ തന്നെ ആക്രമണത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. 

എറണാകുളം തമ്മനം ജംഗ്ഷനില്‍ വൈകുന്നേരം കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞതിനു പിന്നാലെ ആ പെണ്‍കുട്ടിയെ പിന്തുണച്ചും സഹായങ്ങള്‍ വാഗ്ദാനം ചെയ്തും നിരവധി പേര്‍ രംഗത്തു വന്നു. അതോടൊപ്പം തന്നെയാണ് ഹനാന്‍ പറയുന്നത് വ്യാജമാണെന്നും സിനിമ പ്രമോഷനു വേണ്ടി നടത്തിയ നാടകമായിരുന്നു കോളേജ് യൂണിഫോമിലെ മീന്‍ വില്‍പ്പനയുമെന്നൊക്കെ പറഞ്ഞ് മറ്റൊരു വിഭാഗം സോഷ്യല്‍ മീഡയിയില്‍ ഹനാനെതിരെ വ്യാപക പ്രചരണവും തുടങ്ങിയതും.

പെട്ടെന്നുതന്നെ ഹനാനെതിരെ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ശക്തമായി. ജനശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണ് ഹനാൻ നടത്തുന്നതെന്ന് വിമർശനമുയർന്നു. മീൻകച്ചവടം നാടകമായിരുന്നെന്നും പ്രചാരണങ്ങളുണ്ടായി. ഹനാൻ സിനിമാ താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും പാട്ടു പാടുന്ന വിഡിയോകളും പ്രചരിക്കുകകയായിരുന്നു ഒരു വശത്ത്. ഹനാന്റെ കയ്യിലുള്ള മോതിരവും പ്രചാരണത്തിന് ശക്തി കൂട്ടി. മലയാളികളെ വഞ്ചിച്ചുവെന്ന ആരോപണത്തോടൊപ്പം ട്രോളുകളും ശക്തമായതിനെ തുടർന്നാണ് തന്റെ ജീവിതാവസ്ഥകൾ വിവരിച്ചു കൊണ്ട് ഹനാൻ ലൈവിൽ വന്നത്. എല്ലാവർക്കും തന്നെ നല്ലതായും മോശമായും അറിയാമെന്നു പറഞ്ഞു കൊണ്ടാണ് ഹനാൻ ലൈവ് തുടങ്ങിയത്. മാനസിക രോഗിയായ ഉമ്മ, ഉപേക്ഷിച്ചു പോയ ഉപ്പച്ചി ഏഴാം ക്ലാസ്സ് മുതൽ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിൽ ജോലി ചെയ്തു. 

കുട്ടികള്‍ക്ക് ട്യൂഷന് എടുക്കാന്‍ പോയിട്ടുണ്ട്, ഇവന്റ് മാനേജ്‌മെന്റുകാരുടെ കൂടെ ഫ്ലവര്‍ ഗേള്‍ ആയിട്ട് പോയിട്ടുണ്ട്, ആങ്കറിംഗിന് പോയിട്ടുണ്ട്. ഇതിന്റെയൊക്കെ ഒടുവിലാണ് ഈ മീന്‍ കച്ചോടം. പലയിടത്തായി അലഞ്ഞ് നടന്ന് ജോലികള്‍ ചെയ്യുന്നതിലും നല്ലത് എവിടെയെങ്കിലും ഒതുങ്ങിക്കൂടി ഒരു കച്ചോടം ചെയ്യാം എന്നാലോചിച്ചാണ് ഈ മീന്‍കച്ചവടം തെരഞ്ഞെടുത്തത്.പലപ്പോഴായി കൂട്ടി വെച്ച പണം കൊണ്ടാണ് മോതിരം വാങ്ങിയത്. സമ്മാനത്തുകയായ കിട്ടിയ പണം കൊണ്ടാണ് ഒരു സൈക്കിൾ വാങ്ങിയത്, അല്ലാതെ ആരെയും പറ്റിക്കാനും കബളിപ്പിക്കാനുമൊന്നുമല്ല, ജീവിക്കാന്‍ വേണ്ടിയാണ് ,ഹനാന്‍ പറയുന്നു.

‘ഇത്രയും കാലം ജീവിച്ചത് ആരുടേയും സഹായം സ്വീകരിച്ചിട്ടല്ല. കുറേ കഷ്ടപ്പെട്ടി‌ട്ടാണ് ജീവിച്ചത്. ഉമ്മച്ചിയ്ക്ക് മാനസികമായിട്ട് പ്രശ്നം, ബാപ്പിച്ചി ഉപേക്ഷിച്ചിട്ട് പോലും ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ല. ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും അവസരം കിട്ടിയത്. ഒരുപാട് നടന്നിട്ടുണ്ട് സിനിമയിൽ ചാൻസ് കിട്ടാൻ. ടേക്ക് ഓഫിൽ ഒരു സീനാണ് വന്നത്. അങ്ങനെ വല്ല ചാൻസ് കിട്ടിയാൽ ഞാൻ പോകും. അങ്ങനെ ഞാൻ പോയാലും കടയിൽ ഒരാള് ഉണ്ടാവും. ഇന്ന് മോർണിങ്ങില് ചെമ്പക്കരേന്ന് മീൻ ഞാൻ സ്ഥിരം പറഞ്ഞിരിക്കുന്ന ഓട്ടോയിൽ ഷിജൂന്ന് പറയണ ചേട്ടൻ അവിടെ കൊണ്ടു വന്ന് അവിടെ വച്ചിട്ടുണ്ട്. ഇന്ന് അഞ്ചരയ്ക്ക് ഞാൻ കച്ചോടം ചെയ്യാൻ അവിടെ ഉണ്ടാകും. എന്നും ഞാൻ എന്റെ കച്ചോടം ഞാൻ ഇതു പോലെ തുട‌രും. ഞാൻ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നൊരു പാവം പെൺകുട്ടിയാണ്. എന്നെ ഒന്ന് സഹായിക്കണ്ട. എനിക്ക് വൈറലാവണ്ട. ഒരു മീഡിയേടെ മുന്‍പിലും ഞാൻ മുൻപ് വന്നിട്ടില്ല. എനിക്ക് വൈറലാവണ്ട, എന്നെ‌ ആരും സഹായിക്കണ്ട. സഹായിക്കാൻ വരുന്നവരുടെ ഇടിയാണ് കോളജിൽ. ഒരു പ‌െൺകുട്ടിയാണ് ഞാൻ എന്റെ ജീവിതം ഇല്ലാണ്ടക്കരുത്.’’, കൈകൂപ്പി പൊട്ടി കരഞ്ഞ് ഹനാൻ പറയുന്നു.