മയക്കിക്കിടത്തിയ സിംഹക്കുട്ടിയുമായി വിവാഹ ഫോട്ടോഷൂട്ട്; വൈറലാകാൻ എന്തും ചെയ്യുന്ന അവസ്ഥയെന്ന് വിമര്‍ശനം

0

ലാഹോര്‍: വിവാഹ ഫോട്ടോഷൂട്ട് വൈറലാവാൻ വ്യത്യസ്തതകൾ കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ പുതിയ രീതി. എന്നാല്‍ സിംഹക്കുട്ടിയെ മയക്കുമരുന്നു നല്‍കി മയക്കി കിടത്തി വിവാഹ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചാലോ…?.

പാക്കിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികള‍ുടെ വിവാഹ ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോഗിച്ച സംഭവമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. മയക്കി കിടത്തിയ സിംഹക്കുട്ടിയെ ഉപയോഗിച്ച ദമ്പതിമാർക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ഫൊട്ടോഗ്രഫി ചെയ്ത സ്റ്റുഡിയോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷൂട്ടിനിടെ പകർത്തിയ ഒരു വിഡിയോ പങ്കുവച്ചിരുന്നു. മയക്കിക്കിടത്തിയ സിംഹക്കുട്ടിയുടെ മുകളിലായി വധുവും വരനും കൈകൾ കോർത്തുപിടിച്ച് ഇരിക്കുന്നതും ഫോട്ടോഗ്രഫറുടെ നിർദേശങ്ങൾ അനുസരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ വൈറലായതോടെയാണ് വിമർശനം ഉയർന്നത്.

പാകിസ്താനില്‍ വന്യജീവി സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സേവ് ദ വൈല്‍ഡ് എന്ന സംഘടന, ഫോട്ടോഷൂട്ടിലെ ഒരു ഭാഗം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലാഹോറില്‍ പ്രവര്‍ത്തിക്കുന്ന അഫ്‌സല്‍ എന്ന സ്റ്റുഡിയോയിലാണ് ഫോട്ടോഷൂട്ട് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെ.എഫ്.കെ. അനിമല്‍ റെസ്‌ക്യൂ ആന്‍ഡ് ഷെല്‍റ്റര്‍ എന്ന സംഘടനയും ഫോട്ടോഷൂട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിംഹക്കുട്ടിയെ സ്റ്റുഡിയോയില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നതെന്നും ജെ.എഫ്.കെ. അനിമല്‍ റെസ്ക്യൂ ആന്‍ഡ് ഷെല്‍റ്റര്‍ ആരോപിച്ചു. ഇവര്‍ സ്റ്റുഡിയോക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനും ഉദ്ദേശിക്കുന്നുണ്ട്.

ഫോട്ടോഷൂട്ട് വ്യത്യസ്തവും വൈറലും ആക്കുന്നതിനായി എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. ഇതിനു പിന്നാലെയാണ് മൃഗസംരക്ഷണ സംഘടനകൾ ഫോട്ടോഷൂട്ടിനെതിരെ രംഗത്തെത്തിയത്. ഇത്രയും ചെറിയൊരു സിംഹക്കുട്ടിയെ മരുന്നു നൽകി മയക്കുകയും വെറുമൊരു കളിപ്പാട്ടം പോലെ ഷൂട്ടിന് ഉപയോഗിക്കുകയും ചെയ്തത് അതിക്രൂരമായ പ്രവൃത്തിയാണെെന്നും ഇതിനെതിരെ ശക്തമായി നടപടി വേണമെന്നുമാണ് സംഘടനകളുടെ ആവശ്യം.