എന്താണ് മലയാളികളുടെ പ്രശ്നം ?; ദിലീപും കാവ്യയും വിവാഹം കഴിച്ചാല്‍, ഫിദല്‍ കാസ്‌ട്രോയെ ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചാല്‍ സോഷ്യല്‍ മീഡിയയില്‍ എന്താണ് മലയാളി കാട്ടികൂട്ടുന്നത്‌

0

എന്തിനും ഏതിനും കുറ്റം കണ്ടെത്തി അതിനെ തലനാരിഴ കീറി വിശകലനം ചെയ്യുക എന്നത് മലയാളിയുടെ പൊതുസ്വഭാവം ആണ് .അതിനു പലപ്പോഴും പല നല്ല ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ ദോഷങ്ങളും ഏറെ . ആരോടെങ്കിലും എന്തെങ്കിലും ദേഷ്യമോ വൈരാഗ്യമോ തോന്നിയാല്‍ ഇപ്പോള്‍ നേരെ അവരുടെ ഫേസ്ബുക്ക്,ട്വിറ്റര്‍   പേജില്‍ കയറി അക്രമണം നടത്തുക എന്നതാണ് ഇപ്പോള്‍ മലയാളിയുടെ ശീലം എന്ന് തോന്നുന്നു .ഇതെല്ലം പറയാന്‍ കാരണം കഴിഞ്ഞ ദിവസം ഉണ്ടായ രണ്ടു സംഭവങ്ങള്‍ ആയിരുന്നു .

ഒന്ന് കാവ്യാ ദിലീപ് വിവാഹം .സത്യത്തില്‍ കാവ്യയും ദിലീപും വിവാഹിതര്‍ ആയാല്‍ നമ്മള്‍ക്ക് എന്താണ് . രണ്ടു നടീനടന്മാര്‍ , രണ്ടു പേരും നിയമപരമായി വിവാഹമോചിതര്‍ ,രണ്ടു പേരും വിവാഹിതര്‍ ആയതു വീട്ടുകാരുടെ സമ്മതത്തോടെ നാലാളുടെ മുന്നില്‍ വെച്ചു . പിന്നെ ഇവിടെ ആരാധകരെ അലട്ടിയ ഒരു സംഭവം ദിലീപ് മഞ്ജുവാര്യരുടെ ഭര്‍ത്താവ് ആയിരുന്നു എന്നതാണ് .അവര്‍ ഇപ്പോള്‍ നിയമപരമായി വിവാഹമോചിതര്‍ ആണ് .മാത്രമല്ല ദിലീപ് ഇനിയൊരു വിവാഹം കഴിക്കരുത് എന്ന് അവര്‍ പറഞ്ഞിട്ടുണ്ടോ . അവര്‍ക്കില്ലാത്ത എന്ത് അമര്‍ഷം ആണ് നമ്മള്‍ക്ക് ? ദിലീപ് കാവ്യാ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്ത സകല മാധ്യമങ്ങളുടെയും കമന്റ്‌ ബോക്സില്‍ നമ്മള്‍ അമര്‍ഷം തീര്‍ത്തു .പോരാത്തതിന് കാവ്യാ മാധവന്റെയും ദിലീപിന്റെയും ഫേസ്ബുക്ക് പേജില്‍ കയറി വേണ്ടുവോളം പൊങ്കാല ഇട്ടു .എന്നിട്ടും അരിശം തീരാതെ  ദിലീപിനും കാവ്യയ്ക്കും തങ്ങളുടെ  ഫേസ്ബുക്ക് അക്കൗണ്ടിലൂടെ  ആശംസകള്‍ അറിയിച്ച കുഞ്ചാക്കോ ബോബനും ,മമതയ്ക്കും പൊങ്കാല ഇട്ടു. ശരിക്കും എന്താണ് നമ്മളുടെ പ്രശ്നം? .സ്വന്തം വീട്ടിലെ കാര്യങ്ങളെക്കാള്‍ നമ്മള്‍ എന്തിനാണ് മറ്റുള്ളവരുടെ വീട്ടിലെ അടുക്കളവിശേഷം തിരക്കുന്നത് .

ഇത് പോലെ തന്നെ രസകരമായ ഒരു സംഭവം ആണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കയറി നമ്മള്‍ കാട്ടികൂട്ടിയത് .വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മലയാളികളുടെ ഭാഗത്ത് നിന്നുണ്ടായത്. കാസ്‌ട്രോയെ വിമര്‍ശിച്ചെഴുതിയ ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലായിരുന്നു കൂടുതല്‍ പ്രതിഷേധവും. ഇതില്‍ തെറിവിളികളും ഉണ്ടായിരുന്നു. കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങളും കാസ്‌ട്രോയെ പുകഴ്ത്തി കൊണ്ടുള്ള വാക്കുകളുമുണ്ടായിരുന്നു അതില്‍ .ഏറെയും മലയാളത്തില്‍ തന്നെ . ഡൊണാള്‍ഡ് ട്രംപ് ഇതില്‍ എതെങ്കിലും വായിച്ചിരുന്നോ എന്ന് അറിയില്ല .

കുറച്ചു കാലം മുന്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണെന്നു തനിക്ക് അറിയില്ല എന്ന് ടെന്നീസ് താരം മരിയ ഷറപ്പോവ പറഞ്ഞതിന് അവരുടെ പേജില്‍ കയറി മലയാളികള്‍ അവരെ സച്ചിന്‍ ആരാണെന്ന്  ആവശ്യത്തിനു ക്ലാസ്സ്‌ എടുത്തിരുന്നു .ശരിക്കും എന്താണ് നമ്മളുടെ പ്രശ്നം .

ഇവിടെ എന്താണ് നമ്മളുടെ പ്രശ്നം ? തൊട്ടപ്പുറത്ത് നില്‍ക്കുന്ന ഒരാളെ ഒന്ന് സഹായിക്കാന്‍ മിക്കപ്പോഴും നമ്മള്‍ തയ്യാര്‍ ആകുന്നില്ല . പക്ഷെ ആരെ എന്ത് വേണമെങ്കിലും സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ പറയും .ഈ മുഖം നോക്കാതെ ഉള്ള പ്രവര്‍ത്തനങ്ങള്‍ നല്ല വല്ല കാര്യങ്ങള്‍ക്കും ആയി ചിലവഴിച്ചു കൂടെ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞില്ലേ .