രണ്ടുവയസുള്ള കുഞ്ഞിനെ മടിയിലുറക്കി ഓട്ടോ ഓടിക്കുന്ന പിതാവ്; ഒടുവില്‍ ഈ കുടുംബത്തിനു സോഷ്യല്‍ മീഡിയയുടെ കൈത്താങ്ങ്‌

0

സംവിധായകനും മാധ്യമപ്രവർത്തകനുമായ വിനോദ് കാ​പ്രി​ ഒരു ചി​ത്രം ട്വിറ്ററിൽ പങ്കുവെച്ചതു കഴിഞ്ഞ ദിവസമാണ്. മു​ഹ​മ്മ​ദ് സ​യീ​ദ് എന്ന ഓട്ടോഡ്രൈവറുടെ ജീ​വി​തം ലോകമറിഞ്ഞത് അങ്ങനെയാണ്. വെറും രണ്ടുവയസുള്ള കുഞ്ഞിനെ മടിയില്‍ കിടത്തിയാണ് ഈ പിതാവ് ഓട്ടോ ഓടിച്ചു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്.

മുംബൈ വെർസോവയിലെ ഓട്ടോഡ്രൈവറാണ് മുഹമ്മദ് സയീദ്. ഇദ്ദേഹം മകനെയും മടിയിലുറക്കി ഓട്ടോ ഓടിക്കുന്ന ചിത്രം വിനോദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സയീദിന്‍റെ ജീവിതത്തിലും ട്വിസ്റ്റ് ഉണ്ടായത്. 26കാരനായ സയീദിന്‍റെ ഭാര്യ  യാസ്മിൻ പക്ഷാഘാതം വന്നു കിടപ്പിലാണ് . രണ്ടുവയസുള്ള മകനെക്കൂടാതെ മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട് ഇവർക്ക്. യാസ്മിനെയും കുഞ്ഞുങ്ങളെയും നോക്കുന്നതിനായി രാപ്പകൽ കഷ്ടപ്പെട്ട് ജോലി ചെയ്യുകയാണ് സയീദ്.

ഇളയകുഞ്ഞിനെ നോക്കാൻ അയൽക്കാരെ ഏൽപ്പിച്ച ശേഷം മകനെ ഒപ്പം കൂട്ടിയിരിക്കുകയാണ്. സവാരിക്കു പോകുമ്പോള്‍ എല്ലാം മടിയിൽ കുഞ്ഞുമുണ്ടാകും. കുഞ്ഞിനെ മടിയിൽ കാണുമ്പോൾ പല യാത്രക്കാരും മറ്റ് ഓട്ടോറിക്ഷകൾ വിളിക്കാറാണ് പതിവെന്ന് സയീദ് പറയുന്നു. പലപ്പോഴും കുടുംബം നോക്കാനുള്ള പണം കിട്ടാറില്ല. മിക്ക ദിവസവും പട്ടിണിയായിരിക്കുമെന്നും സയീദ് വേദനയോടെ പറയുന്നുണ്ട്. സയീദിന്‍റെ വിഷമതകൾ വിശദീകരിച്ച് വിനോദ് കാപ്രി ഞായറാഴ്ച ട്വിറ്ററിലിട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.മുഹമ്മദ് സയ്യിദിന്റെ കഥ മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് 30,000രൂപയാണ്. എന്തായാലും ഇപ്പോള്‍ ഇദ്ദേഹത്തെ തേടി നിരവധി സഹായങ്ങള്‍ എത്തുന്നുണ്ട്. ഈ കുടുംബത്തെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു ചില നല്ല മനസ്സുകളും എത്തികഴിഞ്ഞു.