ഈ അച്ഛന്‍ രാജാവാണ് ,ഈ മകള്‍ രാജകുമാരിയും; രണ്ടു വര്‍ഷത്തെ അധ്വാനം കൊണ്ട് മകള്‍ക്കൊരു പുത്തനുടുപ്പും വാങ്ങി അയല്‍വാസിയുടെ മൊബൈലുമായി മകളുടെ ചിത്രം പകര്‍ത്താന്‍ എത്തിയ ഈ അച്ഛനാണ് താരം

0

സോഷ്യല്‍ മീഡിയ ഇപ്പോള്‍ കൈയ്യടിക്കുന്നത് ഈ അച്ഛന് വേണ്ടിയാണ് .മക്കള്‍ക്ക്‌ ദിവസവും പുത്തന്‍ ഉടുപ്പുകള്‍ വാങ്ങാന്‍ സാമ്പത്തികശേഷിയുള്ള ഒരു അച്ഛന്‍ അല്ല ഇദേഹം ,പക്ഷെ എല്ലാ മാതാപിതാക്കളെയും പോലെ തന്റെ പൊന്നു മകളും പുത്തന്‍ ഉടുപ്പിട്ട് കാണണം എന്ന് ഈ അച്ഛനും മോഹമുണ്ട് .

ഒരു കൈയില്ലാത്ത,ഭിക്ഷയെടുത്തു ജീവനമാര്‍ഗം കണ്ടെത്തുന്ന ഒരു പിതാവാണ് ഇദേഹം .മകൾക്ക് ഒരു ഉടുപ്പുവാങ്ങികൊടുക്കുവാൻ ഈ പിതാവ് നിത്യചിലവ് കഴിച്ച ശേഷം കിട്ടുന്ന തുച്ചമായ തുക ചേര്‍ത്തു വെച്ചത് രണ്ടു വര്‍ഷമാണ്‌ .അത്ര കാലത്തെ മിച്ചം പിടുത്തം വേണ്ടി വന്നു ഈ അച്ഛന് ഒരു പുത്തന്‍ ഉടുപ്പ് വാങ്ങാന്‍ .ഒടുവില്‍ ഒരു പുത്തന്‍ വേഷം മകള്‍ക്ക് വാങ്ങിയപ്പോള്‍ കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ ആ അച്ഛന്റെ കൈയ്യില്‍ ഒരു മൊബൈല്‍ ഇല്ല .പക്ഷേ ആ ഒരു ദിവസം അച്ഛൻ രാജാവായി, മകള്‍ രാജകുമാരിയും. ആ അച്ഛന്‍റെ സന്തോഷവും വികാരവും അതേ തീവ്രതയോടെ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫറാണ്.

‘ഒരു അച്ഛന്റെ ചെറിയൊരു ആഗ്രഹം അത് സാധിച്ച ദിവസം’ അതാണ്‌ ഫോട്ടോകുറിപ്പിന് ആധാരം. എം.ഡി കവസാ‍ർ ഹുസൈൻ എന്ന ഭിക്ഷക്കാരനായ അച്ഛന്‍റെ വാക്കുകളും ഈ ഫോട്ടോഗ്രാഫർ ഹൃദയത്തിൽ തട്ടുമാണ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ 45000ത്തിലേറെ കമന്‍റുകളും 12000ത്തോളം ഷെയറുകളുമുണ്ട് ഈ ചിത്രത്തിന്.

ഏപ്രിൽ 5ന് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലെ ആ അച്ഛന്റെ ചില വാക്കുകളിതാ.

 രണ്ട് വർഷത്തിനുശേഷം ഇന്നലെ എനിക്കെന്റെ മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുക്കാനായി. വാങ്ങാൻ ചെന്നപ്പോൾ കടക്കാരൻ പിച്ചക്കാരനാണോ എന്ന് ചോദിച്ചാണ് എന്നെ ആട്ടിയകറ്റിയത്. ഉടുപ്പ് വേണ്ടെന്നും നമുക്ക് പോകാമെന്നും പറഞ്ഞ് എന്റെ കുഞ്ഞുമകൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു. അതെ ഞാൻ ഭിക്ഷക്കാരനാണ്.

പക്ഷെ പത്ത് വർഷം മുമ്പ് ഒരപകടത്തിൽപെട്ട് വലത്തേ കൈ നഷ്ടപ്പെടും വരെ സ്വപ്‌നത്തിൽ പോലും ഞാൻ കരുതിയതല്ല ഭിക്ഷ തേടി ജീവിക്കേണ്ട ഗതി എനിക്ക് വരുമെന്ന്. എന്റെ മകൾ സുമയ്യയാണ് എന്നെ ഊട്ടുന്നത്. ഒറ്റക്കൈ കൊണ്ട് ഇത്രയും ജോലികൾ ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് അറിയാമെന്ന് അവൾ ഇടക്കിടെ പറയാറുണ്ട്. രണ്ട് വർഷത്തിന് ശേഷം ഇന്ന് എന്റെ മകൾ പുത്തനുടുപ്പിട്ടു. അതുകൊണ്ടാണ് ഇന്നവൾക്കൊപ്പം കളിക്കാൻ ഞാനിവിടെ എത്തിയത്.

എന്റെ ഭാര്യയെ അറിയിക്കാതെ അയൽവാസിയുടെ മൊബൈലും കൊണ്ടാണ് ഞാനിന്നിവിടെ എത്തിയത്. എന്റെ മകളുടേതായി ഒരു ചിത്രം പോലുമില്ല. അതിനാൽ അവളുടെ ഈ ദിനം എനിക്ക് അവിസ്മരണീയമാക്കണം. ഒരിക്കൽ എനിക്ക് ഫോൺ കിട്ടിയാൽ എന്റെ മക്കളുടെ ഒത്തിരി ചിത്രങ്ങൾ ഞാനെടുക്കും.എന്റെ മക്കളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ എന്നാലും ഞാനവർക്ക് എനിക്ക് കഴിയുന്ന രീതിയിൽ വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്നുണ്ട്. ഭിക്ഷതേടിയാണ് ഞങ്ങളുടെ ജീവിതം. പലപ്പോഴും അവളാണ് എനിക്ക് സഹായത്തിന് കൂട്ടായി. പക്ഷെ ഇന്നത്തെ ദിനം വ്യത്യസ്തമാണ്. കാരണം ഇന്നെന്റെ മകൾ ഏറെ സന്തോഷവതിയാണ്. ഇന്നീ അച്ഛൻ പിച്ചക്കാരനല്ല. ഇന്നീ അച്ഛൻ രാജാവാണ് ഈ മകൾ രാജകുമാരിയും.

നാളെ ഭിക്ഷ തേടി തന്നെ ജീവിക്കേണ്ടവനാണ് താനെന്ന് ഈ അച്ചനറിയാം. രണ്ട് വർഷത്തിന് ശേഷം മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത, ആദ്യമായി മകളുടെ ഫോട്ടോയെടുക്കാൻ കഴിഞ്ഞ ഈ അച്ഛൻ എല്ലാ ഇല്ലായമകൾക്കിടയിലും ജീവിതത്തെ സ്‌നേഹിക്കുന്നവനാണ്. അതു കൊണ്ടാണ് മകൾക്ക് പുതിയ വസ്ത്രം വാങ്ങി കൊടുത്ത് അവളെ കളിക്കാൻ കൊണ്ട് പോയി അവളുടെ ഫോട്ടോ എടുത്ത ഈ ദിവസത്തെ ഇന്ന് ഞാൻ രാജാവാണ്, എന്റെ മകൾ രാജകുമാരിയും എന്ന് വിശേഷിപ്പിക്കുന്നതും.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.