പിതാവിനെ കുത്തിക്കൊന്ന ശേഷം മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

ഉറങ്ങാൻ കിടന്ന പിതാവിനെ കുത്തിക്കൊന്ന ശേഷം മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പുര മുക്കിൽ ഞായറാഴ്ച രാത്രി 10.45നാണ് സംഭവം. സ്റ്റേഷനറി കടയിലെ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62) ആണ് മരിച്ചത്.

പിതാവിനെ കുത്തിക്കൊന്ന മകൻ മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില അതീവ ഗുരുതരമെന്നാണ് ലഭ്യമാകുന്ന വിവരം.

മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെനാളായി ചികിത്സയിലാണെന്ന് നാദാപുരം പൊലീസ് അറിയിച്ചു. സൂപ്പിയുടെ ഭാര്യ നഫീസ (55), മറ്റൊരു മകൻ മുനീർ (28) എന്നിവർക്കും പിടിവലിയിൽ പരുക്കുണ്ട്.