ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജണ്ടര്‍ ബാന്‍ഡ്

0

ഇവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരാണോ? ലോകം തിരിച്ചറിയാതെ പോകേണ്ട കഴിവുകള്‍ ആണോ ഇവരുടേത്? ഒരിക്കലുമല്‍ല, ഇനിയുള്ള കാലം ഭിന്നലിംഗര്‍ക്ക് കൂടെയുള്ളതാണ് എന്ന് തെളിയിച്ചു കൊണ്ടൊരു മ്യൂസിക് ബാന്‍ഡ് ഇന്ത്യയില്‍ തരംഗം സൃഷ്ടിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജണ്ടര്‍ (ഹിജ്റാ) ബാന്‍ഡ്, 'വൈ (Y)' ഫിലിംസിന്‍റെ 'സിക്സ് പാക് ബാന്‍ഡ്'.

ആശിഷ് പാട്ടീലിന്‍റെ നേതൃത്വത്തില്‍ ഉള്ള ഈ ബാന്‍ഡിന്‍റെ ആദ്യ ഗാനം, ഫരേല്‍ വില്ല്യംസിന്‍റെ പ്രശസ്തമായ ഗാനത്തിന്‍റെ (ഹാപ്പി) പതിപ്പായ "ഹം ഹേ ഹാപ്പി" ഇതിനോടകം ഹിറ്റായി മാറിയിരിക്കുകയാണ്. ഷമീര്‍ പുനരാവിഷ്ക്കരിച്ച ഗാനത്തിന് ആശിഷ് തന്നെയാണ് വരികള്‍ എഴുതിയത്. സോനു നിഗവുമൊത്തു ഇവര്‍ പാടിയ "സബ് രബ് ദേ ബന്ദേ" മൂന്നു മില്ലയന്‍ ജനങ്ങളാണ് യൂ ട്യൂബില്‍ മാത്രമായി കണ്ടിട്ടുള്ളത്.

കോമള്‍ ജഗ്താപ്, ഫിദ ഖാന്‍, ആഷ ജഗ്താപ്, രവീന ജഗ്താപ്, ചാന്ദിനി സുവര്‍ണാകര്‍, ബാവിക തുടങ്ങിയവരാണ് സിക്സ് പാക് താരങ്ങള്‍. അനുഷ്ക്ക ശര്‍മയാണ് ഇതിലെ ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. ഫിദയാണ് ഇംഗ്ലീഷ് വരികള്‍ പാടിയിരിക്കുന്നത്.

ആണായി ജനിച്ചു പെണ്ണായി മാറിയവര്‍, കൈകൊട്ടികൊണ്ട് നമ്മുടെ മുന്നില്‍ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള ഇവരെ ജനങ്ങള്‍ നോക്കുന്നത് പേടിയോടെയും, വെറുപ്പോടെയും, പരിഹാസത്തോടെയുമാണ്.  അധിക്ഷേപവും, കുത്തുവാക്കുകളും കേട്ട് മരവിച്ച മനസ്സുകള്‍… ഭിക്ഷ യാചിക്കുകയും, ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്താലേ ഇവരുടെ പട്ടിണി മാറുകയുള്ളൂ. ഇത് നിരവധി ഭിന്നലിംഗരുടെ അവസ്ഥയാണ്. ഇന്ത്യയില്‍ മാത്രമായി 1.9 മില്ലയന്‍ ഭിന്നലിംഗരാണുള്ളത്.

"ജനങ്ങള്‍ നിന്നെ നോക്കി ചിരിക്കും, ഒരിക്കലും നിന്‍റെ ഉള്ളിലെ വേദന പുറത്തു കാണിക്കരുത്".

 മുജ്റ നാനി കോമള്‍ ജഗ്താപിനോട് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ വാക്കാണിത്. മുജ്റ കോമളിന്‍റെ ഗുരുവാണ്.

മകന്‍റെ സ്വഭാവത്തില്‍ ഉള്ള മാറ്റം… സ്ത്രീത്വം കണ്ടു ഭയന്ന മാതാപിതാക്കള്‍, നാട്ടുകാരുടെ കളിയാക്കലിന് മുന്നില്‍ പലപ്പോഴും തലകുനിച്ചു നടന്നു. ഷര്‍ട്ടും, ട്രൌസറും ധരിക്കാതെ നടക്കരുതെന്ന സഹോദരങ്ങളുടെ വിലക്കും, സ്വന്തമെന്നു കരുതിയവരുടെ പെരുമാറ്റത്തിലെ അകല്‍ച്ചയും സഹിക്കാനാകാതെ കോമള്‍ ജീവിച്ചു.

അങ്ങിനെയിരിക്കെ ഒരു ദിവസം വീട്ടുകാര്‍ കോമള്‍ സാരി ചുറ്റുന്നത് കണ്ടു പൊട്ടിത്തെറിച്ചു. "നീ ഞങ്ങളുടെ മനസ്സില്‍ മരിച്ചു കഴിഞ്ഞു. ഇനി ഞങ്ങളുടെ അരികില്‍ വരരുത്". കുടുംബത്തില്‍ അധികപറ്റാണ് താനെന്നു  മനസ്സിലാക്കിയ ജഗ്താപ് എട്ടാം വയസ്സില്‍ നാട് വിട്ടു. ഒടുവില്‍ തന്നെ പോലുള്ള പത്തിരുപതുപേര്‍ക്ക് അഭയം നല്‍കുന്ന മുജ്റാ നാനി, ഭിന്നലിംഗരുടെ ഗുരു  ജഗ്താപിനു അഭയസ്ഥാനം നല്‍കി. അവിടെ നിന്ന് എങ്ങിനെ ജീവിക്കണം എന്ന് പഠിക്കുകയായിരുന്നു കോമള്‍. പിന്നീട് കല്‍യാണ വീടുകളിലും, പിറന്നാള്‍ ചടങ്ങുകളിലും പാടി തുടങ്ങി. അയ്യായിരം രൂപ ലഭിക്കും. അങ്ങിനെയിരിക്കയാണ് പോപ് ഗ്രൂപ്പ് ഒഡിഷന്‍ പോകാന്‍ ഒരു കൂട്ടുകാരന്‍ പറയുന്നത്. സന്ദേഹത്തോടെ എങ്കിലും കോമളും കൂട്ടുകാരും അതില്‍ പങ്കെടുത്തു. ഇതിനായി വന്ന ഇരുന്നൂറോളം പേരുടെ ഇടയില്‍ നിന്നും സിക്സ് പാക് ബാന്‍ഡിലെ ആറിലൊരാളായി കോമള്‍ മാറി.

ഇതുപോലെ തന്നെ മൂന്നാം ലിംഗര്‍ക്കു പറയാന്‍ കഥകള്‍ ഏറെയുണ്ടാകും, സങ്കടങ്ങളുടെ, ചെറുത്തുനില്‍പ്പിന്‍റെ കഥകള്‍.

എന്തായാലും കോമള്‍ ജഗ്താപും കൂട്ടുകാരും ഇപ്പോള്‍ വളരെ ഹാപ്പിയാണ്. തങ്ങളെ എല്‍ലാവരും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു, പലര്‍ക്കും  വെറുപ്പ് കുറഞ്ഞിരിക്കുന്നു. പലരും സ്നേഹത്തോടെ പെരുമാറാന്‍ തുടങ്ങിയിരിക്കുന്നു.

കൂടുതല്‍ കൂടുതല്‍ ഗാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാനായുള്ള ഉത്സാഹത്തിലാണ് "സിക്സ് പാക് ബാന്‍ഡ്" ഇപ്പോള്‍.
വീഡിയോ: