കൊറോണ വൈറസ്; ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ്

1

കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വൈറസ് ലാബില്‍നിന്നു ചോര്‍ന്നതാണോ മൃഗങ്ങളില്‍നിന്ന് പകർന്നതാണോ എന്ന കാര്യം അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് അദ്ദേഹം യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദം കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു ശേഷം, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി പ്രമുഖര്‍ രോഗത്തിന്റെ ഉറവിടം ചൈനീസ് ലാബുകള്‍ ആണെന്ന് ആരോപിച്ചിരുന്നു. ഇതിനു പുറമെ മറ്റൊരു പ്രശസ്തമായ വാദം വൈറസ് ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കമാണോ എന്നുള്ളതാണ്. ഇക്കാര്യങ്ങൾ കണ്ടെത്താനാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം ചൈനയുടെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.ഇത്തരം കാര്യങ്ങള്‍ രാജ്യങ്ങള്‍ പരസ്പരം കൈമാറേണ്ടതാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ട് എന്തു തന്നെയായാലും ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഈ സംഭവം ഉലച്ചിലുണ്ടാക്കുമെന്നാണ് നിഗമനം. 2019-ല്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇതിനകം ലോകമാകെ 16.8 കോടി പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. ഇതിനകം 35 ലക്ഷം പേര്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെടുകയും ചെയ്തു അതിനാൽ തന്നെ കൊവിഡിന്റെ കാരണം കണ്ടെത്തേണ്ടത് ആവശ്യമാണ്.