രണ്ടാം സർവ്വ മത സമ്മേളനത്തിന് സമയമായോ?

0

കേരളത്തെ ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. തൻ്റെ ആദ്ധ്യാത്മിക യാത്രയ്ക്കിടയിൽ കേരളത്തിലെത്തിയ സ്വാമി അന്നത്തെ കേരളീയ സാമൂഹ്യ യാഥാർത്ഥ്യം നേരിട്ട് ദർശിച്ചതിന് ശേഷമാണ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ഈ അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. ജാതി വ്യവസ്ഥയിൽ വീർപ്പുമുട്ടിയ ഒരു സമൂഹത്തിൻ്റെ പരിതാപകരമായ അവസ്ഥയാണ് സ്വാമിയുടെ ഈ അഭിപ്രായത്തിനു ഹേതുവായിത്തീർന്നത്.

പിന്നീട് കേരളത്തിൽ ഉയർന്നു വന്ന നവോത്ഥാന – സാമൂഹ്യ പരിഷ്കരണങ്ങൾ കേരളത്തിൻ്റെ സാമൂഹ്യ മണ്ഡലത്തിൽ വരുത്തിയ പരിണാമങ്ങൾ വളരെ വലുതായിരുന്നു. ശ്രീ നാരായണ ഗുരു കേരളത്തിൻ്റെ സാമൂഹ്യ അവസ്ഥയിൽ ഒരു സർവ്വ മത സമ്മേളനം വിളിച്ചു ചേർത്തത് കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ സംഭവ വികാസമായിരുന്നു. ഈ ഒന്നാം സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷിക്കാൻ ഇനി അധികം വർഷങ്ങളില്ല.

കേരളം രാജ്യത്തിന് തന്നെ മാതൃകയായി മാറിത്തീരുകയായിരുന്നു. എന്നാൽ വീണ്ടും കേരളം ഒരു ഭ്രാന്താലയമായി പരിണമിക്കുന്ന സാമൂഹ്യ-സാമുദായിക അവസ്ഥ സംജാതമായിരിക്കുകയാണ്. പാലാ ബിഷപ്പിൻ്റെ പുതിയ പ്രസ്താവനയാണ് കേരളത്തിൻ്റെ സാമൂഹ്യ മണ്ഡലത്തിൽ വിള്ളലുണ്ടാകാൻ ഉതകുന്ന സംഭവങ്ങൾക്ക് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

സ്വന്തം മതവിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ മുന്നറിയിപ്പാണെങ്കിലും അത് കേരളത്തിൻ്റെ മത-സാമൂഹ്യ ഭൂമികയിൽ സൃഷ്ടിച്ച ഓളങ്ങൾ വളരെ വലുതാണ്. കാലങ്ങളായി നാം കാത്തുസൂക്ഷിച്ചിരുന്ന മത സൗഹാർദ്ദത്തിൽ വിള്ളലുണ്ടാക്കാനും പാരസ്പര്യത്തിന് പകരമായി അകൽച്ചയുടെ മാനസിക അവസ്ഥ സൃഷ്ടിക്കാനും ഈ അഭിപ്രായ പ്രകടനം ഇടയാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. രാഷ്ടീയ കക്ഷികൾ സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ ലാഭം കൊയ്തെടുക്കാൻ എരിതീയിൽ എണ്ണ ഒഴിക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്ന് കാണാൻ കഴിയും.

കേരളം വീണ്ടും മതത്തിൻ്റെ പേരിൽ ഭ്രാന്താലയമായി മാറാൻ അനുവദിച്ച് കൂടാ. ഹൃദയമില്ലാത്തവൻ്റെ ഹൃദയമായിരുന്ന, ആത്മാവില്ലാത്തവൻ്റെ ആത്മാവായിരുന്ന മതം ലഹരി പദാർത്ഥമായി മാറിത്തീർന്നുവെന്ന വചനം സ്മരണീയമാണ്. വർത്തമാന നാർക്കാട്ടിക് ജിഹാദ് എന്ന പുതിയ പ്രയോഗം ശരി വെക്കുന്നത് അത് തന്നെയാണ്. മതഭ്രാന്തിൻ്റെ അപകടത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ രണ്ടാം സർവ്വ മത സമ്മേളനത്തിൻ്റെ സാംഗത്യവും അനിവാര്യതയുമാണോ നമ്മുടെ മുന്നിലുള്ള പ്രതിവിധിയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്നേഹവും പാരസ്പര്യവും പഠിപ്പിച്ച മതം വിഭജനത്തിൻ്റെയും അകൽച്ചയുടെയും തത്വസംഹിതയായി മാറിത്തീരാൻ പാടില്ല.