സൗദിയിലേക്ക് തിരിച്ച് വരാനുള്ള 72 മണിക്കൂര്‍ നാളെ രാത്രിയോടെ അവസാനിക്കും: പ്രത്യേക സര്‍വ്വീസുകൾ പ്രഖ്യാപിച്ചു വിവിധ വിമാന കമ്പനികൾ

0

സൗദിയിലേക്ക് തിരിച്ച് വരാനുള്ള സൗദി സിവിൽ ഏവിയേഷൻ അനുവദിച്ച 72 മണിക്കൂര്‍ നാളെ രാത്രിയോടെ അവസാനിക്കാനിരിക്കെ വിവിധ വിമാന കമ്പനികൾ യാത്രക്കാരുടെ ആധിക്യം പരിഗണിച്ച് വിവിധ വിമാന കമ്പനികള്‍ പ്രത്യേക സര്‍വ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്-ജിദ്ദ സെക്ടറില്‍ നാളെ വിവിധ വിമാന കമ്പനികള്‍ പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. മാർച്ച് 15ന് കോഴിക്കോട്-ജിദ്ദ സെക്ടറിൽ എയർ ഇന്ത്യയിൽ യാത്ര ചെയ്യാനായി ടിക്കറ്റെടുത്തവർ നാളെയാണ് യാത്ര ചെയ്യേണ്ടത്.

കോഴിക്കോട്-ജിദ്ദ സെക്ടറില്‍ സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ, ഇന്നും നാളെയും 420 പേർക്ക് യാത്ര ചെയ്യാവുന്ന ജംബോ വിമാനമുപയോഗിച്ചാണ് സര്‍വ്വീസ് നടത്തുക. ഇത് കൂടുതല്‍ പേര്‍ക്ക് സൌദിയിലേക്ക് തിരിച്ചെത്താൻ സഹായകരമാകും.

മാര്‍ച്ച് 15ന് സര്‍വ്വീസ് നടത്തേണ്ടതിന് പകരമായാണ് എയർ ഇന്ത്യ നാളെ സര്‍വ്വീസ് നടത്തുക. അതിനാല്‍ മാര്‍ച്ച് 15ലേക്ക് ടിക്കെറ്റെടുത്തവര്‍ നാളെ യാത്രക്കായി എയര്‍പോര്‍ട്ടിലെത്തണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് നാളെ രാവിലെ 11.15ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്.

നാളെ പുലർച്ചെ നാല് മണിക്കാണ് സ്‌പൈസ് ജെറ്റിൻ്റെ പ്രത്യേക വിമാനം കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പറക്കുക. സൗദി എയര്‍ലൈന്‍സ് പതിവ് സര്‍വ്വീസിന് പുറമെ രണ്ട് പ്രത്യേക സര്‍വ്വീസുകള്‍ക്കായി ശ്രമം ആരംഭിച്ചിട്ടുണ്ട്.