കോക്പിറ്റിൽ ഹോളി ആഘോഷം; പൈലറ്റുമാർക്കെതിരെ നടപടി

0

വിമാനത്തിൽ ഡ്യൂട്ടിക്കിടെ കോക്പിറ്റിൽ ഹോളി ആഘോഷിച്ച പൈലറ്റുമാർക്കെതിരെ നടപടി. ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നത്. രണ്ട് പൈലറ്റുമാർക്കെതിരെയാണ് ഇന്ത്യൻ എയർലൈൻ സ്‌പൈസ്‌ജെറ്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഫ്ലൈറ്റ് ഡെക്കിന്റെ സെന്റർ കൺസോളിന് മുകളിൽ ഇരുവരും ഒരു കപ്പ് കട്ടൻ കാപ്പി വയ്ക്കുകയും ​ പലഹാരം കഴിക്കുകയുമായിരുന്നു. ഇരുവരേയും ജോലിയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് നടപടിയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്.

ഇതിന്റെ ചിത്രങ്ങൾ പുറത്തുവരികയും വിമർശനം ശക്തമാവുകയും ചെയ്തതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചെറിയ തോതിൽ പോലും വെള്ളം ഇവിടെ വീഴുന്നത് വിമാനത്തിന്റെ പ്രവർത്തനത്തേയും യാത്രക്കാരുടെ സുരക്ഷിതത്വത്തേയും ബാധിക്കും. ഈ സാഹചര്യത്തിൽ പൈലറ്റുമാരുടെ നിരുത്തരവാദപരമായ പ്രവൃത്തിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രത്തിൽ പൈലറ്റുമാർ ഗുജിയയും ഒരു ഗ്ലാസ് കാപ്പിയും കൺസോളിൽ സൂക്ഷിച്ചിരിക്കുന്നത് കാണാം. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പൈസ്ജെറ്റ് വക്താവ് പറഞ്ഞു. പൈലറ്റുമാരുടെ പെരുമാറ്റത്തിൽ വിമർശനവുമായി നിരവധി പേരാണ് ട്വിറ്ററിലൂടെ രം​ഗത്തുവന്നത്.