സ്പുട്‌നിക്-5 വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

0

മോസ്‌കോ: കോവിഡ് പ്രതിരോധത്തില്‍ തങ്ങള്‍ വികസിപ്പിച്ച സ്പുട്‌നിക്-5 വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി റഷ്യ. നിലവിൽ സ്പുട്നിക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുന്നുണ്ട്. സ്പുട്നിക് വാക്സിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിലും നടക്കുന്നുണ്ട്. കോവിഡ് വാക്സിൻ പരീക്ഷണം വിജയകരമാണെന്ന അമേരിക്ക അവകാശവാദമുന്നയിച്ചതിന് പിന്നാലെയാണിപ്പോൾ റഷ്യയും എത്തിയിരിക്കുന്നത്.

ആഗസ്റ്റിൽ റഷ്യ രജിസ്റ്റർ ചെയ്ത സ്പുട്നിക്-5 വാക്സിന് രണ്ട് ഡോസാണുള്ളത്. പരീക്ഷണത്തിന്റെ ഭാഗമായി ഈ രണ്ട് ഡോസുകളും സ്വീകരിച്ച 16,000 പേരിൽനിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയാണ് 92 ശതമാനം വിജയമാണെന്ന നിഗമനത്തിൽ എത്തിയതെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) വ്യക്തമാക്കി. വാക്സിൻ രാജ്യാന്തര വിപണയിൽ എത്തിക്കുന്നതിന് ആർ.ഡി.ഐ.എഫ് ആണ് പിന്തുണ നൽകുന്നത്. “വാക്സിൻ വളരെ ഫലപ്രദമാണ്. ഇത് വികസിപ്പിക്കാൻ സഹകരിച്ചവർക്ക് ഭാവിയിൽ കൊച്ചുമക്കളോട് അഭിമാനത്തോടെ ലോക നന്മക്കായി തങ്ങൾ നൽകിയ സംഭാവനയെ കുറിച്ച് പറയാം” – ആർ.ഡി.ഐ.എഫ് മേധാവി കിരിൽ ദിമിത്രീവ് പറഞ്ഞു.

മോസ്‌കോയിലെ 29 ക്ലിനിക്കുകളിലായി ആകെ നാല്‍പ്പതിനായിരം പേരിലാണ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പേര്‍ക്ക് സജീവ ഘടകങ്ങള്‍ അടങ്ങിയ വാക്‌സിന്‍ നല്‍കിയിട്ടില്ല. സ്പുട്‌നിക് വാക്‌സിന്‍ നല്‍കിയവര്‍ക്ക്, സജീവ ഘടകം അടങ്ങിയ വാക്‌സിന്‍ നല്‍കാത്തവരെക്കാള്‍ 92 ശതമാനത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് ആര്‍.ഡി.ഐ.എഫിന്റെ അവകാശവാദം.

അതിനിടെ, തങ്ങൾ വികസിപ്പിച്ച കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി യു.എസ് ഫാർമ കമ്പനിയായ ഫൈസർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ജർമ്മനിയുടെ ബയൺടെക്കുമായി ചേർന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ്റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതെന്ന് അവർ അവകാശപ്പെടുന്നു.