സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനായ മുന്‍ സിംഗപ്പൂര്‍ പ്രസിഡന്റ് എസ്.ആര്‍ നാഥന്‍(92) അന്തരിച്ചു. സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്ന് രാത്രി 9.48 നായിരുന്നു മരണം. സിംഗപ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം പ്രസിഡന്റ് പദവി വഹിച്ച നാഥന്‍ ആറാമത്തെ പ്രസിഡന്റായിരുന്നു. 1999 മുതല്‍ 2011 വരെയായിരുന്നു അദ്ദേഹം പ്രസിഡന്റ് പദവി വഹിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലും പക്ഷാഘാതത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ മുതിര്‍ന്ന സമിതി അംഗമായും സിംഗപ്പൂര്‍ മാനേജ്മെന്റ് സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988ല്‍ മലേഷ്യയില്‍ സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായും പിന്നീട് 1990 മുതല്‍ 1996 വരെ അമേരിക്കയില്‍ സിംഗപ്പൂരിന്റെ അംബാസഡറായും പ്രവര്‍ത്തിച്ചു. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പ്രോ വൈസ് ചാന്‍സലറായും നാഥന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.