നടി ശ്രീദേവിയുടെ മൃതദേഹം ഉടന്‍ ബന്ധുക്കൾക്ക് വിട്ടുനല്‍കും; മൃതദേഹം ഇന്ന് വൈകിട്ടോടെ മുംബൈയിലേക്ക്

0

നടി ശ്രീദേവിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം ബന്ധുക്കൾക്ക് കൈമാറും. ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ മുംബൈയിലേക്ക് കൊണ്ടുപോകും. പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ള മൃതദേഹം ഇതോടെ അധികം വൈകാതെ എംബാമിങ്ങിനു വിട്ടുകൊടുക്കും. ഇന്നുതന്നെ മുംബൈയിൽ എത്തിക്കാനാകുമെന്നാണു പ്രതീക്ഷ.

പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയതോടെ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകൾ ദുബായ് പൊലീസ് ഉടൻ കൈമാറുമെന്നാണു പ്രതീക്ഷ. അതിനിടെ, ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രോസിക്യൂഷൻ പരിശോധിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തിൽ ഭർത്താവ് ബോണി കപൂറിനെ പൊലീസ് ചോദ്യം ചെയ്തു.ശ്രീദേവി ദുബായില്‍ താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരു​ന്നുവെന്ന് വ്യക്തമായിരുന്നു. ആദ്യം മരണകാരണം ഹൃദയാഘാതമാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ബാത്ത് ടബ്ബില്‍ വീണു മരിച്ചതാണെന്ന് പിന്നീട് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി.