ശ്രീദേവിക്ക് വിടചൊല്ലി ബോളിവുഡ്

0

പ്രിയനടിക്ക് വിടചൊല്ലി ബോളിവുഡ്. ഇന്ന് മുംബൈ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ രാവിലെ മുതല്‍ ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയായിരുന്നു. വെള്ളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം ജുഹുവിലെ വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത്.

വാഹനത്തില്‍ ശ്രീദേവിയുടെ അലങ്കരിച്ച ചിത്രവും ഉണ്ട്. ബോണി കപൂറും മകന്‍ അര്‍ജുന്‍ കപൂറുമടക്കമുള്ളവര്‍ വാഹനത്തിലുണ്ട്. നിരവധി ആരാധകരും വിലാപയാത്രയെ അനുഗമിക്കുന്നു. വിലാപയാത്ര ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് അന്ധേരി ലോഖ്ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് ഗാര്‍ഡനില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. തുടര്‍ന്ന് രണ്ടു മണിയോടെ ശ്മശാനത്തിലേക്ക് വിലാപയാത്ര ആരംഭിച്ചു. രാവിലെ 9.30 മുതല്‍ അന്ധേരി ലോഖ്ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് ഗാര്‍ഡനില്‍ ശ്രീദേവിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചിരുന്നു. 12.30 വരെ നടന്ന പൊതു ദര്‍ശനത്തില്‍ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ശനിയാഴ്ച ദുബൈയില്‍ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഓടെയാണ് മുംബൈ അന്ധേരിയിലെ വീട്ടിലെത്തിച്ചത്. ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.