നാലാം വയസ്സ് മുതല്‍ ജീവിതം സിനിമ മാത്രമാക്കിയ ശ്രീദേവി; ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് എന്നും ഒരൊറ്റ ഉത്തരം മാത്രം

0

അഭിനയമികവും മുഖശ്രീയും പരസ്പരം മത്സരിച്ച നിരവധി കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും ഇതര ഭാഷാ ചിത്രങ്ങളിലും ഒരു പോലെ നിറഞ്ഞു നിന്ന അഭിനേത്രി. ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയില്‍ ഒരു ഉത്തരമേയുള്ളൂ. അത് ശ്രീദേവിയാണ്.

സിനിമാ നര്‍ത്തക സംഘത്തിലെ ആന്ധ്രാ സ്വദേശിനി രാജേശ്വരിയുടെയും അഭിഭാഷകനായ അയ്യപ്പന്റേയും മകളായാണ് ശ്രീദേവി ജനിച്ചത്. നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് ശ്രീദേവിയുടെ അരങ്ങേറ്റം. മലയാളം,തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. 1971ല്‍ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.

തന്റെ നാലാം വയസ്സ് മുതല്‍ താന്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണെന്നും തന്റെ ജീവിതം എന്നും ഷൂട്ടിംഗ് സ്ഥലങ്ങളും സെറ്റുകളും മാത്രമായിരുന്നു എന്ന് ഒരിക്കല്‍ ശ്രീദേവി പറഞ്ഞിരുന്നു.

1976ല്‍ മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെ കമലഹാസിന്റെ നായികയായാണ് സിനിമാ ലോകത്ത് മുന്‍നിരയിലെത്തുന്നത്. കമലിനൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായി വേഷമിട്ട ശ്രീദവി തമിഴിലെ മുന്‍നിര നായികയായി ഉയര്‍ന്നത് വളരെപ്പെട്ടന്നായിരുന്നു. ഇതേസമയം തെലുങ്കിലും വെന്നിക്കൊടി പാറിക്കാന്‍ ശ്രീദേവിക്കായി. ദേവരാഗം,കുമാരസംഭവം തുടങ്ങി 26 മലയാള സിനിമകളിലും ശ്രീദേവി വേഷമിട്ടു.

താരങ്ങളുടെ ഗുരുവായ കെ.ബാലചന്ദർ തന്നെയാണ് ശ്രീദേവിയുടെയും ഗുരു. ശിഷ്യന്മാരായ കമൽഹാസനും രജനീകാന്തിനുമൊപ്പം ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ, 1976 ൽ ശ്രീദേവി നായികയായി അരെങ്ങേറ്റം കുറിച്ചു.അന്ന് പതിമൂന്നു വയസ്സായിരുന്നു ശ്രീദേവിയുടെ പ്രായം. പിന്നീട് കമലിനും രജനിക്കുമൊപ്പം ധാരാളം ചിത്രങ്ങൾ. ദക്ഷിണേന്ത്യയുടെ സ്വപ്നസുന്ദരിയായി ശ്രീദേവി മാറിയത് വളരെപ്പെട്ടെന്നാണ്. പിന്നാലെ വന്ന സിഗപ്പ് റോജാക്കൾ, മൂന്നാം പിറ തുടങ്ങിയ ചിത്രങ്ങൾ അവരുടെ താരപദവി കൂട്ടി.1975 ൽ ജൂലിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിലേക്ക് ചേക്കേറി.

78 ൽ സോൾവ സാവൻ എന്ന സിനിമയിലൂടെ നായികയായെങ്കിലും 83 ൽ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്‌വാലയാണ് ഹിന്ദിയിൽ ശ്രീദേവിക്ക് ആരാധകരെ സൃഷ്ടിച്ചത്. പിന്നെ ഹിറ്റുകളുടെ കാലം തന്നെയായിരുന്നു. ഹിന്ദി സിനിമയില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ഉണ്ടായിരുന്ന്നെകില്‍ അത് ശ്രീദേവി തന്നെയായിരുന്നു.എൺപതുകളിൽ സൂപ്പർതാരം മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നും വാർത്തകൾ‍ വന്നു, അതു ശരിവയ്ക്കുന്ന തരത്തിൽ മിഥുനും ചില അഭിമുഖങ്ങളിൽ സംസാരിച്ചു. പക്ഷേ പിന്നീട് അവർ അകന്നു.

ഒരുപാടു സിനിമകളിൽ തന്റെ ഹിറ്റ് ജോഡിയായിരുന്ന അനിൽ കപൂറിന്റെ സഹോദരനും ചലച്ചിത്രനിർമാതാവുമായ ബോണികപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിച്ചത്. 1997ൽ, അനിൽകപൂറിന്റെ നായികയായി അഭിനയിച്ച ജുദായിയോടെ അവർ സിനിമ വിടുകയും ചെയ്തു. പിന്നീട്, 2012 ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്. 2018 ൽ റീലീസിനൊരുങ്ങുന്ന സീറോ എന്ന സിനിമ അവസാനത്തെ സിനിമയാകുകയും ചെയ്തു. കാലം ശ്രീദേവിയെ ഒരിക്കലും മറക്കില്ല.കാരണം മുഖശ്രീയും അഭിനയപാടവവും ഒത്തിണങ്ങിയ ശ്രീദേവി ഒരു അതുല്യപ്രതിഭ തന്നെയായിരുന്നു.