ശ്രീധരന്‍പിള്ള ഇന്ന് മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും

0

തിരുവനന്തപുരം: പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറായിഇന്ന് ചുമതലയേൽക്കും. 11.30-നാണ് സത്യപ്രതിജ്ഞ. കുടുംബത്തോടൊപ്പം അദ്ദേഹം തിങ്കളാഴ്ച ഐസോളിലെത്തി. ഐസ്‌വാളിലെ രാജ്ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുക്കും.ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി ബി രാധാകൃഷ്ണമേനോന്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരാണ് ബിജെപിയെ പ്രതിനിധാനം ചെയ്തു ചടങ്ങില്‍ പങ്കെടുക്കുന്നത്.

മിസോറാം മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍ എന്നിവരും പങ്കാളികളാവും. കേരളത്തില്‍നിന്ന് നാലു ക്രിസ്ത്യന്‍ സഭാ ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി മിസോറാമിലെത്തിയിട്ടുണ്ട്. മിസോറാമിലെത്തിയ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവന്‍ സ്വീകരിച്ചത്. മിസോറാം ഗവര്‍ണറാവുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍പിള്ള. 2011-14 കാലത്ത് വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.