ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി

0

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. കൃഷ്ണ തേജയാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ. വിവിധ സംഘടനകളുടെ കടുത്ത പ്രധിഷേധത്തിന് ഒടുവിലാണ് സർക്കാർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം വൈകിട്ട് തന്നെ ചീഫ് സെക്രട്ടറിക്ക് സർക്കാർ നൽകിയിരുന്നു. സിവിൽ സപ്ളൈസിന്റെ ജനറൽ മാനേജരായിട്ടാണ് പുതിയ നിയമനം.

മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ സർക്കാർ തീരുമാനം വരുന്നത്.

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ മുസ്ലീം ലീഗ് നേരത്തെ തന്നെ പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്നും കൊലക്കേസ് പ്രതിയെ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലീം ലീഗ് ജില്ലാ അദ്ധ്യക്ഷൻ എ എം നസീർ ആരോപിച്ചിരുന്നു. മജിസ്റ്റീരിയൽ അധികാരമുള്ള ജില്ലാ കളക്ടർ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ശ്രീറാം വെങ്കട്ടരാമന്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്നും എ.എം.നസീർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.