ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍

0

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന് സസ്‌പെന്‍ഷന്‍. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. പഠനാവധി കഴിഞ്ഞ് തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വെ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ് ഡയറക്ടറായി നിയമിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. പ്രോജക്ട് ഡയറക്ടര്‍ – കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിങ് കമ്മിഷണര്‍, സെക്രട്ടറി – കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എന്നീ തസ്തികകളും നല്‍കിയിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീര്‍ മരിച്ചത്. കേസില്‍ റിമാന്‍ഡിലായ ശ്രീറാം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ സി യുവിലാണുള്ളത്. ശ്രീറാം ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) റൂള്‍സ് 1969 ലെ റൂള്‍ 4 അനുസരിച്ച് ശ്രീറാം അലവന്‍സുകള്‍ക്ക് അര്‍ഹനായിരിക്കും. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നു രാസപരിശോധനാ വിഭാഗം പൊലീസിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കി. പൊലീസിന്റെ അനലറ്റിക്കല്‍ ലാബിലാണ് രക്തം പരിശോധിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യഹർജിയിൽ നാളെ കോടതി വാദം കേള്‍ക്കും. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മാധ്യമ സമ്മർദ്ദത്തിലുള്ള കേസാണെന്നു പ്രതിഭാഗം ഇന്നു കോടതിയെ അറിയിച്ചു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീറാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടിനു അപേക്ഷ സമർപ്പിച്ചു. ഇതില്‍ കോടതി നാളെ തീരുമാനമെടുക്കും.