മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍; പലയിടത്തും സംഘര്‍ഷം

0

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. ബിജെപി, യുവമോർച്ച, മഹിളാ മോർച്ച, എംഎസ്എഫ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പലയിടത്തും മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ഉൾപ്പെടെയാണ് പ്രതിഷേധം നടന്നത്. വിവിധയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി. എംഎസ്എഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിന് പിന്നാലെയാണ് മഹിളാമോര്‍ച്ചയുടെ മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്തു കടക്കാൻ ശ്രമിച്ചു. പ്രവർത്തകരിൽ ചിലർ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാനും ശ്രമിച്ചു.

പൊലീസ് ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയാണ്. മലപ്പുറത്ത് എംഎസ്എഫ് മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജും ഗ്രനേഡ് പ്രയോഗവും നടന്നു. മന്ത്രി ഇ.പി.ജയരാജിന്റെ രാജി ആവശ്യപ്പെട്ട് മട്ടന്നൂരില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു.

കെ.ടി.ജലീലിനെ ഇഡി ചോദ്യം ചെയ്ത വാര്‍ത്ത പുറത്തു വന്നതുമുതല്‍ സംസ്ഥാനത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്ക് വിവിധ സംഘനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ ശക്തിപ്രാപിച്ചിരുന്നില്ല. തിങ്കളാഴ്ച മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ പ്രതിഷേധം വീണ്ടും കനത്തിരിക്കുകയാണ്.