ചന്ദ്രനിൽനിന്നും മണ്ണ് ഭൂമിയിൽ എത്തിക്കാനുള്ള പുത്തൻ ദൗത്യത്തിനൊരുങ്ങി ഇന്ത്യ

0

തിരുവനന്തപുരം: ചന്ദ്രയാൻ 2ന്റെ വിജയകരമായ ദൗത്യത്തിനുശേഷം ചന്ദ്രയാൻ 3 ദൗത്യത്തിന് ഒരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം. ചന്ദ്രനിൽ ഇറങ്ങി ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ച് ഗവേഷണം നടത്തുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് മൂന്നാം ചാന്ദ്രദൗത്യം പ്രാവർത്തികമാക്കാൻ പോകുന്നത്. ജപ്പാനും ഈ ദൗത്യത്തിൽ പങ്കാളിയാകും.

ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറും റോവറും ചന്ദ്രനിലിറങ്ങി നടത്തുന്ന പരീക്ഷണഫലങ്ങൾ കൂടി അവലോകനം ചെയ്തശേഷം ചന്ദ്രയാൻ 3 രൂപകൽപന സംബന്ധിച്ച അന്തിമചർച്ചകൾ നടക്കും. ന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണു ഉദ്ദേശിക്കുന്നത്. യുഎസും റഷ്യയും ചൈനയും ചന്ദ്രനിലേക്കുള്ള തുടർപര്യവേക്ഷണ ദൗത്യങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയും അതിനു തയാറെടുക്കുന്നത്. 5 വർഷത്തിനകം പദ്ധതി നടപ്പാക്കാനാണു പ്രാഥമിക ചർച്ചകളിലെ ധാരണ.

ഇസ്രൊയുടെ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് തന്നെയായിരിക്കും പര്യവേക്ഷണ വാഹനം. എന്നാൽ, ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക എന്നത് ഈ ദൗത്യം നേരിടുന്ന ഒരു വെല്ലുവിളിയാണ്. നിലവിലുള്ള സാങ്കേതികവിദ്യ അനുസരിച്ച് അതിനു ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രൊയുമായി ഒന്നിച്ചു ചേർന്ന് പരിശ്രമിക്കുക.